വാഗമണ്ണിലെ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിച്ചു; സിപിഐ എം സമരം വിജയിച്ചു

വാഗമൺ വരാട്ടുമേട്ടിലെ അനധികൃത നിർമിതികൾ മണ്ണുമാന്തി യന്ത്രത്തിന് പൊളിച്ചുനീക്കുന്നു
ഏലപ്പാറ: സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ സമരത്തെ തുടർന്ന് വാഗമൺ വരാട്ടുമേട്ടിൽ ഭൂമാഫിയ കൈയേറിയ ഭൂമി റവന്യുവകുപ്പ് ഒഴിപ്പിച്ചു. എൽഡിഎഫ് സർക്കാർ ബോർഡ് സ്ഥാപിച്ച ഭൂമിയിൽ ഭരണമാറ്റത്തിന് പിന്നാലെയായിരുന്നു ചില റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഭൂമി കൈയേറ്റം. കഴിഞ്ഞ ഏഴിന് സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ നേതൃത്വത്തിൽ ബഹുജനമാർച്ച് നടത്തുകയും ഇവിടെ പ്രതിഷേധ സൂചകമായി കൊടിനാട്ടുകയും ചെയ്‌തു.
സംഭവം മാധ്യമശ്രദ്ധനേടിയതോടെ ബുധനാഴ്‌ച്ച പീരുമേട്ടിൽനിന്നും എത്തിയ റവന്യുസംഘം വാഗമൺ വില്ലേജിൽ185/1 സർവേ നമ്പറിൽപ്പെട്ട 10 ഏക്കർ ഭൂമി വീണ്ടും ഏറ്റെടുത്തു. ഇവിടെ ബോർഡും സ്ഥാപിച്ചു. ദൗത്യസംഘം കൈയേറ്റ ഭൂമിയിലെ നിർമിതികൾ മണ്ണുമാന്തിയന്ത്രത്തിന് പൊളിക്കുകയും ഭൂമി വളഞ്ഞുകെട്ടിയ കല്ലുകയ്യാലയും നീക്കി. ഇൗ ഭൂമി ഏറ്റെടുത്തില്ലെങ്കിൽ അടുത്തദിവസം തന്നെ സിപിഐ എം വളന്റിയർമാർ നിർമിതികളെല്ലാം പൊളിച്ചുനീക്കുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് റവന്യു ഉദ്യോഗസ്ഥർ കൈയേറ്റഭൂമിയിലെ നിർമിതികൾ പൊളിച്ചുനീക്കാൻ തയ്യാറായത്. ടൂറിസം വില്ലേജായ വാഗമണ്ണിൽ 610 ഏക്കർ സർക്കാർ ഭൂമി ഭൂമാഫിയ അനധികൃതമായി കൈവശപ്പെടുത്തിയതായും ആക്ഷേപമുണ്ട്.









0 comments