ad
Deshabhimani

സിക്കിം ടണൽ ദുരന്തം: കാണാമറയത്ത് അനീഷ്, നാലാം ദിവസവും തിരച്ചിൽ തുടരുന്നു

Tunnel Collapse

Photo: PTI, അനീഷ് മോഹൻ

വെബ് ഡെസ്ക്

Published on Jul 23, 2026, 09:21 AM | 1 min read

പാമ്പാടി: സിക്കിം ടണൽ ദുരന്തത്തിൽ അകപ്പെട്ട കോട്ടയം സ്വദേശിയായ അനീ‌ഷിനായി നാലാം ദിവസം തിരച്ചിൽ തുടരുന്നു. നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുരങ്കത്തിന്റെ കവാടം അടഞ്ഞ നിലയിലായതാണ് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയത്.


കഴിഞ്ഞ ദിവസമാണ് അപകടത്തിൽപ്പെട്ടവരിൽ ഒരു മലയാളിയും ഉണ്ടെന്ന റിപ്പോർടുകൾ വന്നത്. ശേഷം എൻഎച്ച്പിസി സീനിയർ മാനേജർ ജിയോളജിസ്റ്റ് ആണ് അനീഷ് മോഹൻ ആണ് അപകടത്തിൽപ്പെ‌ട്ടതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുരങ്കനിർമാണം നടക്കുന്ന സ്ഥലത്തെ പാറയിടുക്കളുടെ കാഠിന്യം, ജലാംശം എന്നിവ പരിശോധിക്കുന്ന ഉദ്യോഗസ്ഥസംഘത്തിലായിരുന്നു അനീഷ്.


പാറ തുരക്കുമ്പോൾ തൊഴിലാളികൾക്കു നിർദേശം നൽകിയിരുന്നത് അനീഷാണ്. പാറയ്ക്കുള്ളിലെ മീഥൈൻ വാതകം ചോർന്നതു മൂലമുള്ള സ്ഫോടനമാണ് തുരങ്കം തകരാൻ ഇടയാക്കിയത്. തുരങ്കത്തിനകത്തെ വാതകസാന്നിധ്യവും പ്രതികൂലകാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. ‘ഓണത്തിനു തീർച്ചയായും വരാം...’ യാത്ര പറഞ്ഞ് ഇറങ്ങിയ അനീഷിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് പിതാവ് ടി കെമോഹനനും അമ്മ അമ്മിണിക്കുട്ടിയും.


എട്ടുമാസം പ്രായമുള്ള ഇളയമകൾ കാർത്യായനിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിലായി അനീഷ് നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞായിരുന്നു മടക്കം. അപകടം നടക്കുന്നതിന് തലേദിവസവും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടർന്നു ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തു. അപകടവിവരം പിതാവിനെ അറിയിച്ചെങ്കിലും അമ്മയോടു ബന്ധുക്കൾ പറഞ്ഞിട്ടില്ലെന്നാണ് വിവരം.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home