സ്വത്ത് തർക്കം: 70കാരനെ കുത്തികൊലപ്പെടുത്തി മകൻ, സഹോദരിക്കും പരിക്ക്

എ ഐ പ്രതീകാത്മക ചിത്രം
സേലം: സ്വത്ത് തർക്കത്തെത്തുടർന്ന് മകൻ പിതാവിനെ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ സന്നിയാസിഗുണ്ടു സ്വദേശിയായ ധനപാൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ശ്രീധറിനെ (42) കിച്ചിപാളയം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പ്രതിയുടെ സഹോദരി പ്രിയയ്ക്കും പരിക്കേറ്റു. ബുധനാഴ്ചയായിരുന്നു സംഭവം.
പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന ശ്രീധർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഭാര്യയോടൊപ്പം ശങ്കരി പ്രദേശത്താണ് താമസം. കിച്ചിപാളയത്തെ രാജപിള്ള കാടു പ്രദേശത്തുള്ള 10,000 ചതുരശ്ര അടി വരുന്ന കുടുംബ സ്വത്ത് തന്റെ പേരിലേക്ക് മാറ്റി നൽകണമെന്ന് ശ്രീധർ ദീർഘകാലമായി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വീട്ടിലെത്തിയ ശ്രീധർ പിതാവുമായി വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ശ്രീധർ ധനപാലിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പിതാവിനെ രക്ഷിക്കാൻ ഓടിയെത്തിയ സഹോദരി പ്രിയയെയും ഇയാൾ ആക്രമിച്ചു. പ്രിയയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശ്രീധറിനെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിച്ചത്. ധനപാലിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സേലം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.









0 comments