ഫരീദാബാദിൽനിന്ന് സംഘാംഗങ്ങളെ പിടികൂടിയിട്ടും ജാഗ്രത ശക്തമാക്കിയില്ല
print edition ഗുരുതര വീഴ്ച ; സ്ഫോടകവസ്തു അബദ്ധത്തിൽ പൊട്ടിത്തെറിച്ചതെന്ന് എൻഐഎ വാദം

ഡൽഹിയിൽ കാർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജുമാന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളുടെ വിലാപം

എം അഖിൽ
Published on Nov 12, 2025, 02:21 AM | 2 min read
ന്യൂഡൽഹി
അതിസുരക്ഷാ മേഖലയായ ചെങ്കോട്ടയ്‌ക്ക് മുന്നിലെ ചാവേർ ആക്രമണം രാജ്യത്തെ ഇന്റലിജൻസ്, സുരക്ഷാസംവിധാനങ്ങളുടെ പൂർണപരാജയത്തിന്റെ തെളിവ്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന്റെ സിസിടിവി ദൃശ്യങ്ങളും സുരക്ഷാവീഴ്‌ച അക്കമിട്ടുനിരത്തുന്നു. സുരക്ഷാവീഴ്‌ചയെക്കുറിച്ച് വിമർശം രൂക്ഷമായതോടെ ചാവേർ ആക്രമണമെല്ലന്നും സ്‌ഫോടക വസ്‌തു അബദ്ധത്തിൽ പൊട്ടിയതാകാമെന്നും എൻഐഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
സ്‌ഫോടകവസ്‌തുക്കളുമായി ‘ഫരീദാബാദ് ഭീകരസംഘത്തെ’ പിടികൂടിയിട്ടും 30 കിലോമീറ്റർ മാത്രം അകലെയുള്ള ഡൽഹിയിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ല. സ്‌ഫോടനത്തിന് ഉപയോഗിച്ച ഐട്വന്റി കാർ ഒക്‌ടോബർ 29ന് പുകപരിശോധനാ കേന്ദ്രത്തിൽ നിർത്തിയിട്ട ദൃശ്യം പുറത്തുവന്നിട്ടുണ്ട്. രണ്ടുപേർ കാറിന് സമീപം നിൽക്കുന്നതും ഒരാൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്നതും വ്യക്തം. സ്‌ഫോടനം നടന്ന തിങ്കളാഴ്‌ച പകൽ 8.13ന് ബദർപുർ ടോൾ പ്ലാസ വഴിയാണ് കാർ ഡൽഹിയിലേക്ക് പ്രവേശിച്ചത്. ചാവേറാക്രമണം നടത്തിയെന്ന് പൊലീസ് കണ്ടെത്തിയ പുൽവാമാ സ്വദേശി ഡോ. ഉമർ നബി കറുത്ത മാസ്‌ക് ധരിച്ച് കാറോടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.
പൊട്ടിത്തെറിച്ച കാർ തിങ്കൾ പകൽ 3.19 മുതൽ 6.22 വരെ ചെങ്കോട്ടയ്‌ക്ക് സമീപം സുൻഹരി മസ്‌ജിദിനടുത്ത് നിർത്തിയിട്ടിരുന്നു. പിന്നീടാണ് ലാൽകില മെട്രോ സ്റ്റേഷന് അടുത്തുള്ള ട്രാഫിക് സിഗ്നലിൽ പൊട്ടിത്തെറിച്ചത്. ഉമറിനെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് ഉണ്ടായിരുന്നിട്ടും ഇയാൾക്ക് ഡൽഹിയിൽ കടക്കാനായതും സുരക്ഷാവീഴ്ചയാണ്‌വ്യക്തമാക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിനും കേന്ദ്ര നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിനും സുരക്ഷാവീഴ്‌ചയുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വിമർശനമുയർന്നു.
അന്വേഷണം എൻഐഎയ്‌ക്ക്
ചാവേർ സ്‌ഫോടനം നടത്തിയ ഉമർ ഹരിയാന ഫരീദാബാദിലെ അൽ–ഫലാഹ് സർവകലാശാല ആശുപത്രിയിലെ ഡോക്‌ടറാണെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നിൽ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദാണെന്നാണ് സംശയം. ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്‌ച ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഭൂട്ടാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ഡൽഹി പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി.
ഉമറിന്റെ ഡിഎൻഎ പരിശോധന നടത്തും
കഴിഞ്ഞദിവസം ഫരീദാബാദിൽ വൻ സ്‌ഫോടകസാമഗ്രികളുമായി അറസ്റ്റിലായ ഡോ. അബ്‌ദീൽ അഹമദ് റാത്തർ, ഡോ. മുസമ്മിൽ ഷക്കീൽ, ജെയ്‌ഷെ മുഹമ്മദ് വനിതാവിഭാഗം നേതാവെന്ന് കരുതുന്ന ഷഹീൻ ഷഹീദ് എന്നിവരുടെ കൂട്ടാളിയാണ് ഉമർ. ജെയ്‌ഷെ മുഹമ്മദ്, അൽ ഖായ്‌ദ തുടങ്ങിയവയുമായി ബന്ധമുള്ള അൻസാർ ഗസ്‌വത്ത് ഉൽ ഹിന്ദ് തുടങ്ങിയ സംഘടനകളുടെ ഭാഗമായ ‘ഫരീദാബാദ് ഭീകരസംഘം’ പിടിയിലായതോടെ പരിഭ്രാന്തനായ ഉമർ സ്‌ഫോടകവസ്‌തുക്കൾ നിറച്ച കാറുമായി ചെങ്കോട്ടയ്‌ക്ക് സമീപമെത്തി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എൽഎൻജിപി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങളിൽ ഉമറിന്റെ മൃതദേഹം തിരിച്ചറിയാനായി ഡിഎൻഎ പരിശോധന നടത്തും. ഇതിനുവേണ്ടി ഉമറിന്റെ അമ്മയുടെ സാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‌ഹറിന് സ്‌ഫോടനങ്ങളിൽ പങ്കുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന. മേയ് ഏഴിന് ബഹാവൽപുരിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മസൂദ് അസ്‌ഹറിന്റെ നിരവധി ബന്ധുക്കൾ കൊല്ലപ്പെട്ടിരുന്നു.
കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം: സിപിഐ എം
രാജ്യതലസ്ഥാനമായ ഡൽഹിയുടെ ഹൃദയഭാഗത്തുണ്ടായ ബോംബാക്രമണത്തെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ നിശിതമായി അപലപിച്ചു. സ്-ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പിബി അനുശോചനം അറിയിച്ചു. ഡൽഹിയുടെ സമീപപ്രദേശങ്ങളിൽ നിന്ന് വലിയതോതിൽ സ്‌ഫേ-ാടകവസ്‌തുക്കളും ആയുധങ്ങളും കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ അങ്ങേയറ്റം അസ്വസ്ഥജനകമാണ്. ഇതിന്റെ തുടർച്ചയാണ് ചാവേർ ബോംബാക്രമണം. സംഘടിത ശൃംഖലയുടെ പങ്കാളിത്തമാണ് ഇത് സൂചിപ്പിക്കുന്നത്. അത് കണ്ടെത്തി കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. എല്ലാവിഭാഗം ജനങ്ങളും ജാഗ്രത പാലിക്കുകയും പ്രകോപനങ്ങൾക്ക് വഴിപ്പെടാതെ സമാധാനവും സൗഹാർദവും നിലനിർത്തുകയും വേണം –പ്രസ്‌താവനയിൽ പറഞ്ഞു.









0 comments