print edition ശബരി റെയിൽ അട്ടിമറിച്ചത് കോൺഗ്രസും ബിജെപിയും

എം പ്രശാന്ത്
Published on Apr 06, 2026, 12:46 AM | 1 min read
ന്യൂഡൽഹി : ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടകകേന്ദ്രമായ ശബരിമലയിലേക്കുള്ള യാത്ര സുഗമമാക്കുന്ന അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതി വൈകിപ്പിച്ചതിന്റെ പ്രധാന ഉത്തരവാദികൾ കേന്ദ്രത്തിൽ മാറിമാറി അധികാരത്തിലിരുന്ന കോൺഗ്രസും ബിജെപിയും. കേരളത്തിൽ ഇ കെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാരും കേന്ദ്രത്തിൽ ഇടതുപക്ഷ പാർടികളുടെ നിർണായക പിന്തുണയിൽ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി സർക്കാരും ഭരിക്കുമ്പോഴാണ് ശബരിമലയിലേക്ക് പുതിയ റെയിൽ പാളമെന്ന ആശയം ഉരുത്തിരിഞ്ഞത്.
1997 ഫെബ്രുവരിയിൽ റെയിൽവെ മന്ത്രി രാംവിലാസ് പസ്വാൻ അവതരിപ്പിച്ച റെയിൽവേ ബജറ്റിലാണ് ആദ്യമായി അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതി ഇടംനേടിയത്. 550 കോടി രൂപവരെയായിരുന്നു ചെലവ് പ്രതീക്ഷിച്ചിരുന്നത്.
കോൺഗ്രസ് പാലം വലിച്ചതോടെ ഐക്യമുന്നണി സർക്കാരിന് 1998ൽ അധികാരം ഒഴിയേണ്ടിവന്നു. കേന്ദ്രത്തിൽ 2004വരെ ബിജെപി അധികാരത്തിലെത്തി. 2004 മുതൽ 2014 വരെ കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നും രണ്ടും യുപിഎ സർക്കാരുകൾ. 2014 മുതൽ തുടർച്ചയായി ബിജെപി ഭരണം. നീണ്ട 28 വർഷം കേന്ദ്രം മാറിമാറി ഭരിച്ച കോൺഗ്രസും ബിജെപിയും ശബരി പദ്ധതിയ്‌ക്കായി ഒരു താൽപ്പര്യവുമെടുത്തില്ല. കേരളത്തിൽ ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം പദ്ധതിക്കായി സമ്മർദം ശക്തിപ്പെടുത്തി.
പദ്ധതിയെ പൂർണമായും അട്ടിമറിക്കാനെന്ന ലക്ഷ്യത്തിൽ ചെലവിന്റെ അമ്പതു ശതമാനം സംസ്ഥാനം നൽകണമെന്ന വിചിത്രനിർദേശം മോദി സർക്കാർ മുന്നോട്ടുവെച്ചു. ഏറെ സാമ്പത്തികബാധ്യത വരുത്തുന്ന നിർദേശമായിട്ടും ശബരിമല തീർത്ഥാടകർക്ക് പരമാവധി സൗകര്യമെന്ന ഒറ്റ ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ ആ വെല്ലുവിളി ഏറ്റെടുത്തു.
അഞ്ഞൂറ് കോടിയിൽ തീരേണ്ട പദ്ധതിച്ചെലവ് ഇന്നിപ്പോൾ മൂവായിരം കോടിയിലേറെയായി ഉയർന്നു. ഇതിന്റെ പകുതി നൽകാമെന്ന ഉറപ്പാണ് എൽഡിഎഫ് സർക്കാർ നൽകിയത്. മന്ത്രിസഭ പദ്ധതി നിർദേശം അംഗീകരിക്കുകയും ചെയ്‌തു.









0 comments