ബ്രിക്സ് ഉച്ചകോടി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിൽ നിന്ന് മടങ്ങി

ന്യൂഡൽഹി: ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയിൽ ലോക നേതാക്കൾ പങ്കെടുത്തു. രണ്ടാം ദിനമായ ഞായറാഴ്ച ബ്രിക്സ് പങ്കാളി രാജ്യങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സമ്മേളനം നടക്കുന്നു. രാവിലെ പത്തിനാണ് യോഗം ആരംഭിച്ചത്. അംഗരാജ്യങ്ങൾക്ക് പുറത്തുള്ള പങ്കാളി രാജ്യങ്ങളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ, ബഹുമുഖ സഹകരണം, വികസനം, അന്താരാഷ്ട്ര സമാധാനം, വികസ്വര രാജ്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും ചർച്ച നടക്കുന്നത്.
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മടങ്ങി. രണ്ട് ബ്രിക്സ് സെഷനുകളിൽ പങ്കെടുത്ത പുടിൻ, ഭാരത് മണ്ഡപത്തിലെ 'ഭാരത് ഇന്നോവേറ്റ്സ്' പ്രദർശനം സന്ദർശിക്കുകയും ബ്രിക്സ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്യുകയും ചെയ്തു. റഷ്യയ്‌ക്കെതിരെ 30,000ത്തിലധികം ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പുടിൻ വെളിപ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങളെ പുടിൻ വിമർശിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടന്നിരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്നലെ മടങ്ങിയിരുന്നു. പങ്കാളി രാജ്യങ്ങളുമായുള്ള ചർച്ചകളിലൂടെ ബ്രിക്സിന്റെ സഹകരണ മേഖല കൂടുതൽ വിപുലപ്പെടുത്തുന്നതും വികസ്വര രാജ്യങ്ങളുടെ നിലപാടുകൾക്ക് ആഗോളതലത്തിൽ കൂടുതൽ പ്രാധാന്യം ഉറപ്പാക്കുന്നതുമാണ് രണ്ടാംദിന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.









0 comments