ചൈനയിലേക്കുള്ള റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിലേക്ക്; ഇന്ധന ഇറക്കുമതിയിൽ വൻ വർധന

മോസ്കോ: ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു. റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതി ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് ഈ നിർണ്ണായക നീക്കം. 'ദി അക്വ ടൈറ്റൻ' എന്ന റഷ്യൻ കപ്പലാണ് ഇപ്പോൾ ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നത്.
മാർച്ച് 21-ഓടെ കപ്പൽ കർണാടകയിലെ ന്യൂ മംഗളൂർ തുറമുഖത്ത് നങ്കൂരമിടുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ റഷ്യയിലെ ബാൾട്ടിക് തുറമുഖത്ത് നിന്നും യാത്ര തിരിച്ച കപ്പൽ മാർച്ച് പകുതിയോടെ ചൈനയിലെ റിസാവോ തീരത്ത് എത്തേണ്ടതായിരുന്നു.
എന്നാൽ റഷ്യൻ എണ്ണ വാങ്ങാൻ യുഎസ് ഇന്ത്യക്ക് അനുമതി നൽകിയതോടെയാണ് കപ്പൽ ചൈനീസ് തീരത്തുനിന്നും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലെ ഇന്ധന പ്രതിസന്ധി മറികടക്കാൻ റഷ്യയെ കൂടുതൽ ആശ്രയിക്കുക എന്ന തന്ത്രമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
നിലവിൽ 30 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇതര വിതരണ ശൃംഖലകൾ തടസ്സപ്പെട്ടതോടെ റഷ്യൻ ഇന്ധനം ഇന്ത്യക്ക് വലിയ ആശ്വാസമാകും.
ആഗോള എണ്ണവിപണിയിലെ മാറ്റങ്ങളും ഉപരോധങ്ങൾക്കിടയിലെ റഷ്യയുടെ പുതിയ നീക്കങ്ങളും ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.










0 comments