റഷ്യൻ എണ്ണ നിർത്തിയാല്‍ വന്‍ പ്രത്യാഘാതം
print edition റഷ്യൻ എണ്ണയില്‍ തെന്നി മോദി സര്‍ക്കാര്‍ ; ഏകോപനമില്ലായ്‍മ വെളിപ്പെടുത്തി കേന്ദ്രമന്ത്രിമാരുടെ പ്രതികരണങ്ങൾ

ന്യൂഡൽഹി
അമേരിക്കൻ ശാസനപ്രകാരം റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചോ എന്നകാര്യത്തിൽ ഒളിച്ചുകളി തുടർന്ന് കേന്ദ്രസർക്കാർ. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചുവെന്നും വീണ്ടും വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നൽകിയെന്നും അറിയിച്ചുള്ള ഒൗദ്യോഗിക ഉത്തരവ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരുന്നു. ഇത് ശരിവെയ്‌ക്കാനോ തള്ളിപറയാനോ കേന്ദ്ര ബിജെപി സർക്കാർ ഇനിയും തയ്യാറായിട്ടില്ല.
ഇക്കാര്യത്തില്‍ വാണിജ്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും മറനീക്കി. റഷ്യൻ എണ്ണ അവസാനിപ്പിച്ചതിൽ പ്രതിരോധ മന്ത്രാലയവും അസ്വസ്ഥതയിലാണ്. പ്രതിരോധമേഖലയിൽ കാലങ്ങളായി തുടരുന്ന റഷ്യൻ സഹകരണം അവസാനിക്കുമോയെന്ന ആശങ്കയാണ് ഇതിനുകാരണം.
മന്ത്രാലയങ്ങൾ തമ്മിൽ യാതൊരു ഏകോപനമോ ധാരണയോ ഇല്ലാതെയാണ് വ്യാപാര കരാറിലേക്ക് കേന്ദ്രസർക്കാർ എത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രമന്ത്രിമാർ ഇതുവരെ നടത്തിയ പ്രതികരണങ്ങൾ. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരാറിന്റെ ഭാഗമല്ലെന്നായിരുന്നു വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്റെ പ്രതികരണം.
റഷ്യൻ എണ്ണ വാങ്ങുമോ ഇല്ലയോ എന്ന ചോദ്യം വിദേശമന്ത്രാലയത്തോടാണ് ഉന്നയിക്കേണ്ടതെന്നും ഗോയൽ ക്ഷുഭിതനായി പറഞ്ഞു. എന്നാൽ കരാർ കാര്യങ്ങൾ ഗോയലിനാണ് കൂടുതലായി അറിയുകയെന്നും റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നും വിദേശ മന്ത്രി എസ് ജയ്‌ശങ്കർ പറഞ്ഞു.
തിങ്കളാഴ്‌ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കണ്ടപ്പോഴും വ്യക്തതയുണ്ടായില്ല. ദേശീയതാൽപ്പര്യവും വിപണിവിലയും വിതരണസുരക്ഷയും കണക്കിലെടുത്തായിരിക്കും ഉൗർജ്ജ സ്രോതസ്സുകളുടെ കാര്യത്തിലുള്ള ഇന്ത്യയുടെ തീരുമാനമെന്നായിരുന്നു മറുപടി. റഷ്യൻ എണ്ണ തുടർന്നും വാങ്ങുമെന്നോ യുഎസ് നിർദേശപ്രകാരം നിർത്തിയെന്നോ പറയാൻ അദേഹം തയ്യാറായില്ല.
ഓപ്പറേഷൻ സിന്ദൂറിന്റെയും മറ്റും ഘട്ടത്തിൽ പാക് സേനയുടെ വ്യോമക്രമണങ്ങളെയും മറ്റും ഇന്ത്യ പ്രതിരോധിച്ചത് റഷ്യൻ ആയുധങ്ങളുടെ പിൻബലത്തിലായിരുന്നു. റഷ്യൻ നിർമിത എസ് 400 വ്യോമപ്രതിരോധ സംവിധാനവും നിർണായകമായി. റഷ്യയിൽ നിന്ന് കൂടുതൽ പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനുള്ള ആലോചനകൾ നടക്കുന്ന ഘട്ടത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.
റഷ്യൻ എണ്ണ നിർത്തിയാല്‍ വന്‍ പ്രത്യാഘാതം
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി റഷ്യന്‍ എണ്ണ ഇറക്കുമതി മോദി സർക്കാർ നിർത്തലാക്കുന്നത് രാജ്യത്ത് വലിയ പ്രത്യോഘാതം സൃഷ്ടിക്കും. റഷ്യയുമായുള്ള നയതന്ത്ര–പ്രതിരോധ ബന്ധങ്ങളിൽ വിള്ളൽ വീഴ്‌ത്തുന്നതിനൊപ്പം വില കൂടിയ അമേരിക്കൻ എണ്ണ ഇറക്കുമതി ചെയ്യേണ്ടിവരുന്നത് സന്പദ്‌ഘടനയുടെ നടുവൊടിക്കും.
ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 90 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിൽ ഭൂരിഭാഗവും കുറഞ്ഞ വിലയിൽ നൽകിപ്പോന്നത് റഷ്യയും. കഴിഞ്ഞ വർഷം ജൂണിൽ 20 ലക്ഷം ബാരൽ എണ്ണയാണ് പ്രതിദിനം റഷ്യ നൽകിയത്. ഇതേതുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിലകൂടിയ എണ്ണയുടെ ഇറക്കുമതി ഒഴിവാക്കി വിദേശനാണ്യച്ചോർച്ച ഒഴിവാക്കാൻ ഇന്ത്യയ്‌ക്കായി.
വിലകൂടിയ അമേരിക്കൻ –പാശ്ചാത്യ എണ്ണ ഇന്ത്യയ്‌ക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് ആഭ്യന്തര സന്പദ്‌വ്യവസ്ഥയിൽ തിരിച്ചടിയുണ്ടാക്കും. ഇന്ധന വിലയും കറന്റ് അക്കൗണ്ട് കമ്മിയും വർധിപ്പിക്കും. ഇത് പണപ്പെരുപ്പ നിയന്ത്രണ സംവിധാനങ്ങളെ അപകടപ്പെടുത്തും. സബ്‌സിഡികൾ വെട്ടിക്കുറക്കുന്നതിലേക്ക് വഴിയൊരുക്കും. രാജ്യത്തെ സാധാരണക്കാര്‍ ദുരിതം പേറേണ്ടിവരും.
പുതിയ എണ്ണക്കരാറുകളുടെ പുനഃക്രമീകരണം റിഫൈനറികളെയും ബാധിക്കും. കട്ടികൂടിയ റഷ്യൻ എണ്ണ ശുദ്ധീകരിക്കാൻ നിർമിച്ച റിഫൈനറികളുടെ ഘടകഭാഗങ്ങൾ മാറ്റിസ്ഥാപിക്കേണ്ടി വരുന്നത് അധികച്ചെലവ് വരുത്തും.
ഇന്ത്യ അകറ്റി ; റഷ്യ പാകിസ്ഥാനുമായി അടുക്കുന്നു
യുഎസിന്റെ സമ്മർദത്തിന് വഴങ്ങി റഷ്യന്‍ എണ്ണ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കുന്ന സാഹചര്യത്തില്‍, റഷ്യ പാകിസ്ഥാനുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി കുറച്ചതോടെ പുതിയ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ദക്ഷിണേഷ്യയിലെ മറ്റൊരു ആണവശക്തിയായ പാകിസ്ഥാനുമായി റഷ്യ അടുക്കുന്നത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടകം റഷ്യ പാകിസ്ഥാന് സഹായവാഗ്ദാനം നല്‍കിയിട്ടുണ്ട്. ഉൗർജം, റെയിൽപാതകൾ എന്നീ മേഖലകളിലും സഹകരിക്കാമെന്ന് ഇരുരാജ്യവും ധാരണയിലെത്തി. കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ മസ്ജിദിലുണ്ടായ ചാവേര്‍ സ്ഫോടനത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ രംഗത്തെത്തിയിരുന്നു.










0 comments