ad
Deshabhimani

print edition റഷ്യന്‍ എണ്ണ എത്തി ; രണ്ട്‌ ടാങ്കർ ഇന്ത്യൻ തീരത്ത്

crude oil 26
വെബ് ഡെസ്ക്

Published on Mar 06, 2026, 03:54 AM | 1 min read


ന്യൂഡൽഹി

പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന്‌ ഹോർമുസ്‌ കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം സ്‌തംഭിച്ചതോടെ ക്രൂഡോയിലിനായി ഇന്ത്യ വീണ്ടും റഷ്യയെ ആശ്രയിച്ചു. കിഴക്കൻ ഏഷ്യൻ മേഖലയിലേക്ക്‌ നീങ്ങുകയായിരുന്ന റഷ്യൻ ക്രൂഡോയിൽ നിറച്ച രണ്ട്‌ കപ്പൽ വ്യാഴാഴ്‌ച ഇന്ത്യൻ തീരത്തെത്തി. സിംഗപ്പൂരിലേക്ക്‌ നീങ്ങുകയായിരുന്നു മറ്റൊരു കപ്പലും ദിശ മാറ്റി ഇന്ത്യയുടെ കിഴക്കൻ തീരത്തേക്ക്‌ വരുന്നുണ്ട്.


ആഫ്രിക്കൻ രാജ്യമായ സിയറെ ലിയോണിന്റെ പതാകയേന്തുന്ന മതാരി, ഒഡുമെ എന്നീ കപ്പലുകളാണ്‌ ഇന്ത്യൻ തീരത്തെത്തിയത്‌. മതാരി ഗുജറാത്തിലെ വഡിനാർ തുറമുഖത്തും ഒഡുമെ ഒഡിഷയിലെ പാരദീപ്‌ തുറമുഖത്തും അടുത്തു. രണ്ട്‌ കപ്പലുകളിലായി 14 ലക്ഷം ബാരൽ എണ്ണയുണ്ട്‌. സിംഗപ്പുരിലേക്ക്‌ പോവുകയായിരുന്ന മറ്റൊരു സിയറാലിയോൺ കപ്പലായ ഇന്ദ്രിയും ഇന്ത്യൻ തീരത്തേക്ക്‌ അടുത്തുതുടങ്ങി. ഇന്ദ്രിയിൽ ഏഴ്‌ ലക്ഷം ബാരൽ എണ്ണയാണുള്ളത്‌. ഇന്ദ്രിയും ഒഡുമെയും റഷ്യയിലെ പ്രിമോർസ്‌ക്ക്‌ തുറമുഖത്ത്‌ നിന്നും മതാരി ഉസ്‌ത്‌ – ലുഗ തുറമുഖത്ത്‌ നിന്നുമാണ്‌ യാത്രയാരംഭിച്ചത്‌.


ഇന്ത്യക്കും ചൈനയ്‌ക്കും ആവശ്യമായ അധികഎണ്ണ നൽകാൻ റഷ്യ തയ്യാറാണെന്ന്‌ ഉപപ്രധാനമന്ത്രി അലക്‌സാണ്ടർ നൊവാക്‌ പറഞ്ഞു. റഷ്യൻ എണ്ണയ്‌ക്ക്‌ ഇപ്പോൾ ആവശ്യക്കാരുണ്ട്‌. അവർ വാങ്ങാൻ തയ്യാറാണെങ്കിൽ നമ്മൾ വിൽക്കും – നൊവാക്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.


പ്രതിദിനം ഇരുപത്‌ ലക്ഷം ബാരൽ എണ്ണ വരെ ഇന്ത്യ 2025ൽ റഷ്യയിൽ നിന്ന്‌ ഇറക്കുമതി ചെയ്‌തിരുന്നു. എന്നാൽ, അമേരിക്ക കണ്ണുരുട്ടിയതോടെ മോദി സർക്കാർ ഇത് നിർത്തി. 2025ൽ പ്രതിദിനം ശരാശരി 17 ലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങിയ സ്ഥാനത്ത്‌ കഴിഞ്ഞ ഫെബ്രുവരിയിൽ റഷ്യൻ എണ്ണയുടെ അളവ്‌ ഏഴ്‌ ലക്ഷം ബാരലിലേക്ക്‌ ഇടിഞ്ഞു. റഷ്യൻ എണ്ണ വീണ്ടും കുറച്ചുകൊണ്ടിരിക്കെയാണ്‌ ഹോർമുസ്‌ പ്രതിസന്ധി ഉടലെടുത്തത്‌. നിലവിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏതാണ്ട്‌ അമ്പത്‌ ശതമാനവും എത്തുന്നത്‌ ഗൾഫ്‌ രാജ്യങ്ങളിൽ നിന്നും ഇറാഖിൽ നിന്നുമായി ഹോർമുസ്‌ കടലിടുക്ക്‌ വഴിയാണ്‌. ഇത്‌ നിലച്ചേതോടെയാണ്‌ വീണ്ടും റഷ്യയെ ആശ്രയിക്കുന്നത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home