റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി കൂടും

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കുമ്പോഴും റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡോയിൽ ഇറക്കുമതിയിൽ വർധന. ജൂലൈയിൽ ഇടിഞ്ഞ ഇറക്കുമതി ആഗസ്‌തിൽ മുന്നേറി. റഷ്യന്‍ ക്രൂഡോയിൽ ഇറക്കുമതി ആഗസ്‌തിൽ പ്രതിദിനം 20 ലക്ഷം ബാരലിലേക്ക് ഉയരുമെന്ന് രാജ്യാന്തര ഏജൻസിയായ കെപ്‌ളർ അറിയിച്ചു. തീരുവഭീഷണിക്ക് പിന്നാലെ ജൂലൈയിൽ റഷ്യയിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി പ്രതിദിനം 15.7 ദശലക്ഷം ബാരലിലേക്ക് ഇടിഞ്ഞിരുന്നു. ജൂൺ മാസത്തിൽ പ്രതിദിനം 21 ലക്ഷം ബാരലായിരുന്നു റഷ്യയിൽനിന്നുള്ള ഇറക്കുമതി. ജൂലൈയിൽ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുമ്പോഴുള്ള ലാഭം ബാരലിന് 1.5 ഡോളർ വരെയായിരുന്നു. ആഗസ്‌തിൽ ഇത് 2.7 ഡോളർ വരെയായി വർധിച്ചു. ആഗസ്‌തിൽ ആകെ ക്രൂഡോയിൽ ഇറക്കുമതിയുടെ 38 ശതമാനവും റഷ്യയിൽനിന്നായിരിക്കും. അതേസമയം ഇറാനിൽനിന്നുള്ള ഇറക്കുമതി ജൂലൈയിൽ പ്രതിദിനം 9.07 ലക്ഷം ബാരലായിരുന്നത് ആഗസ്‌തിൽ 7.3 ലക്ഷത്തിലേക്കും സൗദിയിൽ നിന്നുള്ള ഇറക്കുമതി ഏഴ് ലക്ഷത്തിൽ നിന്ന് 5.26 ലക്ഷത്തിലേക്കും കുറയും. യുഎസിൽനിന്നുള്ള ആഗസ്‌തിലെ ഇറക്കുമതി പ്രതിദിനം 2.64 ലക്ഷം ബാരലായിരിക്കും.









0 comments