400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ; മുംബൈയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പ്രതീകാത്മകചിത്രം
മുംബൈ : വിദേശത്തുനിന്നെത്തിയ വിനോദ സഞ്ചാരിയിൽ നിന്ന് 400 മീറ്റർ യാത്രയ്ക്ക് 18,000 രൂപ വാങ്ങിയ സംഭവത്തിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. ഇയാളുടെ ലൈസൻസ് റദ്ദാക്കിയേക്കുമെന്നാണ് വിവരം. വിനോദ സഞ്ചാരി സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതിനു പിന്നാലെയാണ് അറസ്റ്റ്. യുഎസിൽ നിന്ന് എത്തിയ യുവതിയും സുഹൃത്തും എയർപോർട്ടിൽ നിന്നും 400 മീറ്റർ അകലെയുള്ള ഹോട്ടലിലേക്ക് പോകുന്നതിനാണ് ടാക്സി വിളിച്ചത്. എന്നാൽ ഡ്രൈവറും മറ്റൊരാളും ചേർന്ന് പരിചിതമല്ലാത്ത വഴികളിലൂടെയെല്ലാം കൊണ്ടുപോയെന്നും 20 മിനിറ്റിന് ശേഷമാണ് ഹോട്ടലിൽ എത്തിച്ചതെന്നും 200 യുഎസ് ഡോളർ (18,000) രൂപ കൂലിയായി വാങ്ങിയെന്നുമാണ് യുവതി സമൂഹമാധ്യമത്തിൽ വ്യക്തമാക്കിയത്.
ജനുവരി 12നായിരുന്നു സംഭവം. ജനുവരി 26ന് യുവതി പോസ്റ്റിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മുംബൈ പൊലീസ് വിഷയത്തിൽ സ്വമേധയ കേസെടുക്കുകയായിരുന്നു. തുടർന്ന് അന്വേഷണത്തിനൊടുവിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
വിമാനത്താവളത്തിൽ നിന്നും യുവതിയെ നേരിട്ട് ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനുപകരം ഡ്രൈവർ അന്ധേരി ഈസ്റ്റ് വഴി 20 മിനിറ്റോളം വാഹനമോടിച്ച ശേഷം ഹോട്ടലിന്റെ പ്രദേശത്തേക്ക് തിരിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന രണ്ടാമനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ബിഎൻഎസിലെ വിവിധ വകുപ്പുകൾ പ്രകാരം ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.










0 comments