ad
Deshabhimani

കോളേജ് യൂണിയൻ ഓഫീസിൽ ഒരു കോടിയോളം രൂപ ചിതലരിച്ച നിലയിൽ, ഞെട്ടി വിദ്യാ‍ര്‍ഥികളും അധ്യാപകരും

cr
വെബ് ഡെസ്ക്

Published on Jun 03, 2026, 03:32 PM | 2 min read

കൊൽക്കത്ത: കൊൽക്കത്തയിലെ പ്രശസ്തമായ സുരേന്ദ്രനാഥ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ മുറിയിൽ നിന്ന് ഒരു കോടിയോളം രൂപയുടെ കള്ളപ്പണവും ആയുധങ്ങളും മദ്യക്കുപ്പികളും കണ്ടെടുത്തു. സംഭവം പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തി. രണ്ട് പെട്ടികളിലായി ദീര്‍ഘകാലം സൂക്ഷിച്ച പഴകി ജീര്‍ണിച്ച നോട്ട് കെട്ടുകളും ഇതോെടൊപ്പം പഴയ തോക്കുകളും ഗര്‍ഭനിരോധന ഉറകളും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.


ഒരു വർഷത്തോളമായി പൂട്ടിക്കിടന്ന വിദ്യാർത്ഥി യൂണിയൻ മുറി വൃത്തിയാക്കുന്നതിനായി തുറന്ന കോളേജ് അധികൃതരും ശുചീകരണ തൊഴിലാളികളും കാഴ്ചയിൽ പരിഭ്രാന്തരായി. ഉടൻ വിവരം പൊലീസിൽ അറിയിച്ചു.


യൂണിയൻ മുറിയിലെ പഴയൊരു മര അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് വലിയ പെട്ടികളിൽ നിന്നാണ് 100, 500 രൂപ നോട്ടുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. ദീർഘകാലം പൂട്ടി സൂക്ഷിച്ച ഈ പണത്തിന്റെ വലിയൊരു ഭാഗം ചിതലെടുത്ത് നശിച്ച നിലയിലായിരുന്നു. ഏകദേശം ഒരു കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക കണക്ക്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് യൂണിയൻ മുറിക്കുള്ളിൽ രഹസ്യമായി സൂക്ഷിച്ച ഒരു റിവോൾവറും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുച്ചിപ്പാറ പോലീസ് കണ്ടെടുത്തു.


എയർ കണ്ടീഷണർ, അറ്റാച്ച്ഡ് ബാത്ത്റൂം, വിലകൂടിയ മെത്തകൾ, തലയിണകൾ എന്നിവയടക്കം എല്ലാ ആഡംബര സൗകര്യങ്ങളും ഈ മുറികളിൽ ഒരുക്കിയിരുന്നു. 2019-ന് ശേഷം കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകൾ നടക്കാത്തതിനെ തുടർന്ന് 2025-ൽ കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് യൂണിയൻ മുറികൾ പൂട്ടിയിട്ടത്. ഔദ്യോഗികമായി യൂണിയൻ ഇല്ലെങ്കിലും തൃണമൂൽ ഛാത്ര പരിഷത് നേതാക്കളുടെ നിയന്ത്രണത്തിലായിരുന്നു ഈ മുറികൾ എന്ന് ആരോപിക്കപ്പെടുന്നു. തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് 'ടെറസ് ഫെസിലിറ്റി' എന്ന പേരിൽ ഉദ്ഘാടനം ചെയ്യപ്പെട്ടവയാണ് മുറികൾ.


വിദ്യാർത്ഥികളിൽ നിന്ന് യൂണിയൻ ഫീസായി 50-രൂപ മുതൽ 100-രൂപ വരെ മാത്രമാണ് ഈടാക്കുന്നത്. അതുകൊണ്ടുതന്നെ യൂണിയൻ ഫണ്ടിൽ ഇത്രയും കോടികൾ വരാൻ വഴിയില്ല. കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട് നടന്ന വൻ അഴിമതിപ്പണമാണ് ഇതെന്നാണ് പ്രധാന ആരോപണം. മെരിറ്റ് വിദ്യാർത്ഥികളെ ഒഴിവാക്കി 20,000 മുതൽ 50,000 രൂപ വരെ കോഴ വാങ്ങിയാണ് ക്യാമ്പസിൽ സീറ്റുകൾ നൽകിയിരുന്നതെന്ന് ആരോപണങ്ങൾ ഉയര്‍ന്നു. ഫെസ്റ്റുകളും പരിപാടികളും നടത്തുന്നതിന്റെ പേരിൽ വ്യാപാരികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും പിരിച്ചെടുത്ത പണവും ഇതിലുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ ഇത്രയും തുക എങ്ങിനെ ദീര്‍ഘകാലം മറവിയിൽ കിടന്നു എന്നതിൽ വ്യക്തതയില്ല.


kolkata


സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളിലും സർവകലാശാലകളിലും 'യൂണിയൻ ഫീസ്' പിരിക്കുന്നത് അടിയന്തരമായി നിർത്തലാക്കാൻ സർക്കാർ ഉത്തരവിട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home