ad
Deshabhimani

കരുത്തോടെ.. മഴയത്ത് പൊലീസ് വാനിന് സ്റ്റോപ്പിട്ട് യുവതിയുടെ ഒറ്റയാള്‍ പോരാട്ടം

riya yadav
വെബ് ഡെസ്ക്

Published on Jul 23, 2026, 12:01 PM | 1 min read

മുംബൈ: സിജെപി വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിലയുറപ്പിച്ച യുവതിയുടെ ദൃശ്യങ്ങൾ വൈറൽ. നടിയും മോഡലും സംരംഭകയുമായ റിയ യാദവാണ് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരുമായി നീങ്ങിയ പൊലീസ് വാഹനം തടഞ്ഞത്.


ദാദറിലെ ശിവാജി പാർക്കിന് സമീപം ബുധനാഴ്ച നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. കനത്ത മഴയിൽ പൊലീസ് വാനിന് മുന്നിൽനിന്ന റിയ, വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചിട്ടും മാറാൻ തയ്യാറായില്ല. ചുറ്റുമുണ്ടായിരുന്ന പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് പിന്തുണ നൽകി. പ്രതിഷേധത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചതായാണ് റിപ്പോർട്ട്.


“പൊലീസ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നില്ലെങ്കിൽ പൗരന്മാരുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കും” എന്ന് റിയ മാധ്യമങ്ങളോട് പറഞ്ഞു. താൻ വിദ്യാർഥിയല്ലെങ്കിലും വിദ്യാർഥികൾക്കൊപ്പമാണെന്നും ഡൽഹിയിൽ പ്രതിഷേധക്കാരോട് പൊലീസ് പെരുമാറിയ രീതി തെറ്റാണെന്നും അവർ വ്യക്തമാക്കി.



റിയയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ അഭിനന്ദനവുമായി രംഗത്തെത്തി. ഹൃദയത്തിൽ രോഷമുണ്ടായിരുന്നെങ്കിലും സമാധാനപരമായാണ് മുംബൈയിലെ യുവാക്കൾ പ്രതിഷേധിച്ചതെന്ന് ഹാസ്യതാരം രോഹൻ ജോഷി പ്രതികരിച്ചു. റിയ എന്നും തന്റെ 'ഹീറോ' ആയിരിക്കുമെന്നും അദ്ദേഹം കുറിച്ചു.


ഡൽഹിയിലെ സിജെപി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മുംബൈയിൽ തുടർച്ചയായ മൂന്നാം ദിവസവും സമരങ്ങൾ നടന്നു. ശിവാജി പാർക്ക്, ചൈത്യഭൂമി, ചെമ്പൂർ, ശിവസേന ഭവൻ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. ജൂലൈ 18 മുതൽ 22 വരെ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home