‘ആരാണയാള്‍, കേട്ടിട്ടുപോലുമില്ല; ആരോപണം തെളിയിക്കട്ടെ’: ബി ഗോപാലകൃഷ്ണനെ പരിഹസിച്ച് രഞ്ജിനി

കൊച്ചി: പണം വാങ്ങിയാണ് സിജെപി വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ നൽകിയതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പരാമർശത്തിൽ പരിഹാസവുമായി രഞ്ജിനി ഹരിദാസ്. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണമെന്നും വിദ്യാർഥികളുടെ സമരത്തിനൊപ്പം അവസാനംവരെ നിൽക്കുമെന്നും അവർ പറഞ്ഞു.
“ആരാണ് അങ്ങനെ പറഞ്ഞത്? എന്താണ് അയാളുടെ പേര്? കേട്ടിട്ടുപോലുമില്ല. ഞാൻ പണം വാങ്ങിയാണ് സമരത്തിന് പോയതെങ്കിൽ അത് തെളിയിക്കട്ടെ. എത്ര പണം വാങ്ങിയെന്നാണ് പറയുന്നതെങ്കിൽ അക്കൗണ്ട് പരിശോധിച്ച് മറുപടി നൽകാം” എന്ന് രഞ്ജിനി പ്രതികരിച്ചു.
പണം വാങ്ങി സമരം നടത്തുന്നത് ബിജെപിയുടെ ശീലമായിരിക്കാമെന്നും കലാകാരന്മാർ പണം നൽകിയാൽ മാത്രമേ സമരത്തിന് എത്തൂവെന്ന് അവർ കരുതുന്നത് അതുകൊണ്ടാകാമെന്നും രഞ്ജിനി പരിഹസിച്ചു.
രഞ്ജിനിക്ക് സ്റ്റേജ് പരിപാടികളില്ലാത്തതിനാലും പണം ലഭിച്ചതിനാലുമാണ് ഡൽഹിയിലെ സമരത്തിന് പോയതെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമർശം. ആ ദിവസങ്ങളിൽ തനിക്ക് സ്റ്റേജ് ഷോകൾ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്നെ സമരവേദിയിലെത്താൻ കഴിഞ്ഞെന്നും രഞ്ജിനി മറുപടി നൽകി.
“ഡൽഹിയിൽ വലിയ സമരം നടക്കുകയാണ്. ഉള്ളിൽ ഒരു ഉലച്ചിലുണ്ടാകുമ്പോഴാണ് അതിന്റെ ഭാഗമാകുന്നത്. വിദ്യാർഥികളുടെ സമരത്തിനൊപ്പം അവസാനംവരെ ഉണ്ടാകും. മാറ്റത്തിനായി ശബ്ദമുയർത്തേണ്ടത് പ്രധാനമാണ്. ചിലർ കയ്യടിക്കും, ചിലർ വിമർശിക്കും. അതൊന്നും എന്നെ ബാധിക്കില്ല. ഞാൻ തീയിൽ കുരുത്തതാണ്” എന്നും അവർ പറഞ്ഞു.
സിജെപിയുടെ നേതൃത്വത്തിലുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഞ്ജിനി നേരിട്ട് പ്രക്ഷോഭവേദിയിലെത്തിയിരുന്നു. ഇതിനെ പരിഹസിച്ച ബി ഗോപാലകൃഷ്ണൻ, വിദ്യാർഥി സമരക്കാരെ ‘പാറ്റ’കളെന്ന് വിശേഷിപ്പിക്കുകയും അവരെ തുരത്താൻ ‘ഹിറ്റ്’ ഉണ്ടെന്നുമായിരുന്നു പറഞ്ഞത്.










0 comments