ഡൽഹിയിലെ റിങ് റോഡുകൾ വൻ പരാജയം; ട്രക്കുകളുടെ പ്രവേശന നികുതി കൂട്ടി സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി നഗരത്തിലെ ഗതാഗതക്കുരുക്കും മലിനീകരണവും നിയന്ത്രിക്കുന്നതിനായി നിർമ്മിച്ച റിങ് റോഡുകൾ ലക്ഷ്യം കാണുന്നില്ലെന്ന് സുപ്രീംകോടതി. റിങ് റോഡുകൾ വൻ പരാജയമാണെന്ന് നിരീക്ഷിച്ച കോടതി, നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാരവാഹനങ്ങളുടെ എൻട്രി ഫീ (പരിസ്ഥിതി നഷ്ടപരിഹാര നികുതി) വർദ്ധിപ്പിച്ചു.
ഏപ്രിൽ 1 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ട്രക്കുകൾ, വാനുകൾ, ഡംപറുകൾ തുടങ്ങിയ ഭാരം കുറഞ്ഞതും കൂടിയതുമായ വാണിജ്യ വാഹനങ്ങൾക്കെല്ലാം വർദ്ധിപ്പിച്ച നിരക്ക് ബാധകമായിരിക്കും. നഗരത്തിലെ വായുമലിനീകരണം അപകടകരമായ നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ.
റിങ് റോഡുകൾ വഴി തിരിച്ചുവിടേണ്ട വാഹനങ്ങൾ പലപ്പോഴും നിയമം ലംഘിച്ച് നഗരത്തിനുള്ളിലൂടെ കടന്നുപോകുന്നത് തടയാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബിഎസ്-4 നിലവാരത്തിന് താഴെയുള്ള പഴയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കുന്നത് കർശനമായി തടയാനും കോടതി നിർദ്ദേശിച്ചു. വരും ദിവസങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡും ഗതാഗത വകുപ്പും ചേർന്ന് പരിശോധനകൾ ശക്തമാക്കും.
എൻട്രി ഫീ വർദ്ധിപ്പിക്കുന്നത് വഴി നഗരത്തിലേക്ക് അനാവശ്യമായി പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനാവുമെന്നാണ് കോടതി പ്രതീക്ഷിക്കുന്നത്.










0 comments