ലൗജിഹാദ് ആരോപിച്ച് പിറന്നാൾ ആഘോഷത്തിനിടെ ആക്രമണം; 'സമാധാനം തകര്‍ത്തതിന്' മുസ്ലിം വിദ്യാർഥികൾക്ക് പിഴയിട്ട് യുപി പൊലീസ്

Screengrab
ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ ഇരുപതുകാരിയായ നഴ്സിംഗ് വിദ്യാർഥിനിയുടെ ജന്മദിനാഘോഷത്തിനിടെ ഹിന്ദുത്വസംഘത്തിന്റെ ആക്രമണം. കഫേയിൽ നടന്ന സ്വകാര്യ ചടങ്ങിലേക്ക് അതിക്രമിച്ചു കയറിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘം, ആഘോഷത്തിൽ മുസ്ലിം മതവിശ്വാസികളായ വിദ്യാർഥികൾ പങ്കെടുത്തതിനെ ചോദ്യം ചെയ്യുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. 'ലൗ ജിഹാദ്' മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു അക്രമം.
എന്നാൽ, സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്കെതിരെ നടപടി എടുത്തില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. സമാധാന അന്തരീക്ഷം ലംഘിച്ചെന്ന് ആരോപിച്ച് മുസ്ലിം വിദ്യാർഥികൾക്കും കഫേ ജീവനക്കാരനും പൊലീസ് പിഴ ചുമത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തതോടെ പൊലീസ് അക്രമികൾക്കെതിരെ ഒടുവിൽ കേസെടുത്തു.
സുഹൃത്തുക്കളെ അക്രമികൾ ക്രൂരമായി മർദ്ദിച്ചുവെന്നും ഒരാളുടെ എല്ലിന് ഒടിവുണ്ടായതായും നഴ്സിംഗ് വിദ്യാർഥിനി പറഞ്ഞു. അഞ്ച് പെൺകുട്ടികളടക്കം ഒൻപത് സുഹൃത്തുക്കളാണ് ചടങ്ങിൽ പങ്കെടുത്തിരുന്നത്.










0 comments