ഉത്തരമില്ലാതെ സിബിഎസ്‌ഇ, സര്‍വര്‍ശേഷി ഇല്ലെന്നറിഞ്ഞിട്ടും പരിഹരിച്ചില്ല, നീറ്റിന് പിന്നാലെ സിബിഎസ്‌ഇ മൂല്യനിര്‍ണയവും അവതാളത്തിലാക്കി

ന്യൂഡൽഹി: സിബിഎസ്‌ഇ 12–ാം ക്ലാസ് പരീക്ഷാഫലം പുനർമൂല്യനിർണയത്തിന് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാനുള്ള സമയം മൂന്നാമതും നീട്ടി നൽകിയിട്ടും ആശങ്കയും അനിശ്ചിതത്വവും തുടുരന്നു. തിങ്കളാഴ്‌ച അർധരാത്രിവരെയാണ് സമയം നീട്ടിയത്. സിബിഎസ്‌ഇ വെബ്സൈറ്റിന് ആവശ്യമായ ശേഷി ഉറപ്പ് വരുത്താത്തതാണ് വിദ്യാർഥികളെ വലച്ചത്. ഈ സാഹചര്യങ്ങൾ പഴയപടി തുടരുകയാണ്.
പ്രശ്നങ്ങൾ പരിഹരിക്കാതെ തന്നെയാണ് അവസാന തീയതി 22ൽനിന്ന് 23ലേക്ക് നീട്ടിയത്. നേരത്തെ പരാതികൾ ആവര്‍ത്തിക്കപ്പെട്ടതോടെ അവസാന തീയതി 24ലേക്കും തുടർന്ന് 25ലേക്കും നീട്ടുകയായിരുന്നു. ഇതിനിടിയിലും സര്‍വര്‍ ശേഷി ഉറപ്പാക്കിയില്ല. തീയതി നീട്ടി തിരക്ക് കുറയ്ക്കുക എന്ന സമീപനമായിരുന്നു. എന്നാൽ അനിശ്ചിതത്വത്തിലായ വിദ്യാഥികളുടെ എണ്ണവും വലിപ്പവും അപ്പോഴും പരിഗണിക്കപ്പെട്ടില്ല. ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിച്ചശേഷം പുനർമൂല്യനിർണയത്തിനുള്ള രണ്ടാംഘട്ട അപേക്ഷയ്‌ക്കുള്ള സമയം 26 മുതൽ 29 വരെയാണ് അനുവദിച്ചിട്ടുള്ളത്.
ഫലം വന്നപ്പോൾ തന്നെ
അറിയാമായിരുന്ന പ്രശ്നം
ഓൺ സ്‌ക്രീൻ മാർക്കിങ്(ഒഎസ്‌എം) സംവിധാനം വഴിയുള്ള മൂല്യനിർണയം പരാജയമാണെന്നും പരീക്ഷാഫലം റദ്ദാക്കി പഴയരീതിയിൽ മൂല്യനിർണയം നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല. മൂല്യനിർണയം വേഗത്തിലാക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ടാണ് ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് കമ്പ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഫലം വന്നതോടെ വൻ തോതിൽ പരാതി പ്രവഹിച്ചു. ഓൺലൈൻ വഴി മാത്രമാണ് വിദ്യാര്‍ഥികൾക്ക് പരാതി സൗകര്യം ഉള്ളത്. ഇതിനനുസരിച്ച് ബന്ധപ്പെട്ട സാങ്കേതിക ശേഷി വര്‍ധിപ്പിക്കേണ്ടിയിരുന്നത് പരിഗണിച്ചില്ല.
ഒന്നിച്ച് പുനര്‍മൂല്യ നിര്‍ണ്ണയ അപേക്ഷകൾ പ്രവഹിച്ചതോടെ സര്‍വറുകൾ ലോഡ് താങ്ങാനാവാതെ മന്ദഗതിയിലായി. 18 ലക്ഷത്തിനടുത്ത് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ ലക്ഷക്കണക്കിന് വിദ്യാർഥികൾ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുമെന്ന് ഉറപ്പുണ്ടായിട്ടും പര്യാപ്തമായ രീതിയിൽ വെബ്‌സൈറ്റ് ശേഷി വര്‍ധിപ്പിച്ചില്ല. അതിനുള്ള ജാഗ്രതയും മേൽനോട്ടവും ഉണ്ടായില്ല. പുനർമൂല്യനിർണയ അപേക്ഷ നൽകാൻ തുറന്ന ആദ്യത്തെയും രണ്ടാമത്തെയും വെബ്‌സൈറ്റുകൾ പണിമുടക്കി. മൂന്നാമത്തെ വെബ്‌സൈറ്റിലും തടസങ്ങൾ നേരിട്ടു. 100 രൂപയ്‌ക്ക് പകരം ഫീസായി അധികതുക ഇൗടാക്കി. ഇത് 10,000 രൂപയും കടുന്ന് കുതിച്ചു. പ്രതിഷേധം ശക്തമായതോടെ ഇൗടാക്കിയ അധികഫീസുകൾ തിരികെനൽകുമെന്ന് സർക്കാർ പ്രതികരിച്ചു.
Related News
നേരത്തെ അപേക്ഷിച്ചവരിൽ പലർക്കും ഇന്നലെയും ഉത്തരക്കടലാസ് പകർപ്പ് ലഭിച്ചിട്ടില്ല. ഇന്നലെ പോർട്ടൽ ഒരുവിധം പ്രവർത്തിച്ചെങ്കിലും മുഴുവൻ വിദ്യാർഥികൾക്കും ലോഗിൻ ചെയ്‌ത് അപേക്ഷിക്കാനായില്ല. ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചുവേണം വിദ്യാർഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ.
പോർട്ടൽ തകരാറും ശ്രദ്ധക്കുറവും ഉണ്ടായതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തന്നെ സമ്മതിച്ചു. ഇതിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി എന്ന വിശദീകരണത്തിൽ പരിഹാര നടപടി തീര്‍ന്നു. സാങ്കേതിക പിഴവുകൾക്ക് പിന്നിലെ കാരണങ്ങൾ, മുൻകൂട്ടി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങൾ, ഡിജിറ്റൽ പ്രക്രിയ കൈകാര്യം ചെയ്ത ഏജൻസികളുടെ ഉത്തരവാദിത്തം എന്നിവ അവഗണിക്കപ്പെട്ടു.
എന്താണ് സര്‍വ്വറുകളിലെ തിരക്കിനിടയാക്കിയത്
ഈ വർഷം ആദ്യമായി നടപ്പിലാക്കിയ ഓൺ-ക്രീൻ മാർക്കിംഗ് (OSM) എന്ന ഡിജിറ്റൽ മൂല്യനിർണ്ണയ രീതിയാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്കാണ് പല വിദ്യാർഥികൾക്കും ലഭിച്ചത്. അവര്‍ക്ക് ലഭിച്ച ഉത്തരക്കടലാസുകളുടെ ഡിജിറ്റൽ പകർപ്പുകൾ പലതും വ്യക്തതയില്ലാത്തതും വായിക്കാൻ കഴിയാത്തതുമായിരുന്നു. ചില ഉത്തരങ്ങൾക്ക് മാർക്ക് രേഖപ്പെടുത്താതിരിക്കുകയും, ടോട്ടൽ ചെയ്യുന്നതിൽ പിഴവുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ വൻതോതിൽ അപേക്ഷകർ എത്തി. സെർവറുകൾ താങ്ങാനാവാതെ വലിഞ്ഞു. ഉത്തര കടലാസുകളുടെ മൂല്യനിര്‍ണയം സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോൾ തന്നെ ഇത് സംഭവിക്കുമെന്നത് ഉറപ്പായിരുന്നു. എന്നിട്ടും പരിഹാര നടപടികൾ സ്വീകരിച്ചില്ല. വെബ്‌സൈറ്റ് പ്രവർത്തനരഹിതമായതും പെയ്‌മെന്റ് ഗേറ്റ്‌വേ പരാജയപ്പെട്ടതും ഉൾപ്പെടെ സാങ്കേതിക തകരാറുകളിൽ വിദ്യാര്‍ഥികളും രക്ഷിതാക്കളും വലഞ്ഞു.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോരുകയും മുഴുവൻ പരീക്ഷയും റദ്ദാക്കുകയും ചെയ്തു. സിബിഎസ് സി മൂല്യനിര്‍ണ്ണയം തന്നെ അവതാളത്തിലാക്കിയ പരിഷ്കാരം തിരിച്ചടിച്ചു. വിദ്യാര്‍ഥികൾ പരാതിപ്പെട്ടിട്ടും നടപടി എടുത്തില്ല. എല്ലാത്തിനും സാങ്കേതിക വിശദീകരണങ്ങളിൽ കൈ കഴുകുകയാണ്. ഒരിടത്ത് സിബിഐ അന്വേഷണം പ്രഖ്യാപിച്ച് താഴെ തട്ടിലുള്ള പ്രതികളെ മുൻനിര്‍ത്തി കേസ് നീക്കുന്നു. രണ്ടാമത് ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ച് തടിതപ്പുന്നു. കേന്ദ്ര സര്‍ക്കാര്‍ വീഴ്ചകൾ കാരണം വിദ്യാര്‍ഥികൾ ഏറ്റവും അധികം വില നൽകേണ്ടിവന്ന അധ്യയനവര്‍ഷമാണിത്.










0 comments