ബംഗളൂരുവിൽ അനാവശ്യ പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം

ബംഗളൂരു: ബംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അനാവശ്യ പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ്. ഇത് സംബന്ധിച്ച് ബോർഡ് ഉത്തരവിറക്കി. വാഹനം കഴുകാനും പൂന്തോട്ടം നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്നതിൽ വിലക്കേർപ്പെടുത്തി.
അലങ്കാര ആവശ്യങ്ങൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കാൻ പാടില്ല. കെട്ടിടങ്ങളുടെയും റോഡുകളുടെയും നിർമ്മാണം, വിനോദ ആവശ്യങ്ങൾക്കോ ജലധാരകൾ പോലുള്ള അലങ്കാരങ്ങൾക്കോ ബംഗളൂരു നഗരത്തിൽ കുടിവെള്ളം ഉപയോഗിക്കുന്നത് വിലക്കുണ്ട്. മാളുകളിലും സിനിമാ തിയറ്ററുകളിലും കുടിവെള്ള ആവശ്യത്തിന് മാത്രമേ അനുവദിക്കൂ. ഉത്തരവ് ലംഘിക്കുന്നവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 500 രൂപ ആധികം ഈടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാവർക്കും കുടിവെള്ളം വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ മഴയില്ലാത്തതിനാൽ ഭൂഗർഭ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളം പാഴാകുന്നത് തടയേണ്ടത് ആവശ്യമാണെന്നും വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് പറഞ്ഞു.










0 comments