print edition കോർപറേറ്റുകൾക്കായി ഭൂമി കവർച്ച; ഭൂമി അധികാർ ആന്ദോളൻ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്


സ്വന്തം ലേഖകൻ
Published on Jun 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: വികസനപ്രവർത്തനങ്ങളുടെ പേരിൽ കോർപറ്റേറുകൾക്കായി ഭൂമി കവരുന്ന കേന്ദ്ര–ബിജെപി സർക്കാരുകളുടെ നീക്കങ്ങൾക്കെതിരെ ഭൂമി അധികാർ ആന്ദോളൻ രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്. ആഗസ്‌ത്–സെപ്‌തംബറിൽ വാരാണസിയിൽ കൺവൻഷൻചേർന്ന് പ്രക്ഷോഭങ്ങളുടെ രൂപരേഖ തയ്യാറാക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശീയപാത, വിമാനത്താവളം, ചരക്ക് ഇടനാഴി, ഉൗർജപാർക്ക്, ഡാറ്റാസെന്റർ തുടങ്ങിയവയുടെ പേരിൽ പുനരധിവാസവും നഷ്ടപരിഹാരവുമുറപ്പാക്കാതെ കർഷകരെയും ആദിവാസികളെയും കുടിയിറക്കുന്നു. ഭൂമിയുടെ പേരിൽ 1,092 സംഘർഷങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47.7 ലക്ഷം ഹെക്ടറിലെ 1.42 കോടി ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ് ഇൗ സംഘർഷങ്ങൾ.
ബുൾഡോസറുപയോഗിച്ച് 1700 ഏക്കർ ഭൂമി ഒഴിപ്പിച്ചു. 5000ത്തോളം വീടുകളും കെട്ടിടങ്ങളും തകർത്തു. 6500 കുടുംബങ്ങൾ വഴിയാധാരമായി. പാവപ്പെട്ടവരെ ബലംപ്രയോഗിച്ച് ഇറക്കിവിടുന്നതിൽ ബിജെപി സർക്കാരുകളാണ് മുന്നിലുള്ളത്. അദാനിയെയും അംബാനിയെയും പോലെയുള്ള കോർപറേറ്റുകൾക്കുവേണ്ടി ഭൂമി കവരുകയാണ്. ഒഡീഷയിലെ ജിണ്ടാൽ–പോസ്‌കോ സ്‌റ്റീൽ പദ്ധതിക്കായി 11,000 ഏക്കറോളം കൃഷിഭൂമി ഏറ്റെടുക്കാൻപോകുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സാമൂഹികാഘാത പഠനങ്ങൾ നടത്താതെയും ഗ്രാമസഭകൾ ചേരാതെയും ഏകപക്ഷീയമായി വീടുകളും ഗ്രാമങ്ങളും ഒഴിപ്പിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. നേതാക്കളായ ഹന്നൻ മൊള്ള, സത്യവാൻ, ഉൽകാ മഹാജൻ, പ്രേംസിങ് ഗെഹ്‌ലാവത്ത്, രാജൻ ക്ഷീർസാഗർ, പ്രഫുല്ല സമാന്തര, ദയാമണി ബാർളാ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആവശ്യങ്ങൾ
• നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ അടിയന്തരമായി നിർത്തിവയ്ക്കണം. ബുൾഡോസർ ഇടിച്ചുനിരത്തലും ബലംപ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കലുകളും അവസാനിപ്പിക്കണം.
• 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം
• ഭൂമി, വനം തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതികൾക്ക് ഗ്രാമസഭകളുടെ അംഗീകാരം വാങ്ങണം
• പൊലീസ് അതിക്രമങ്ങളും വ്യാജ കേസുകളും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം










0 comments