ad
Deshabhimani

ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഭാര്യ താലിമാല അഴിച്ചുമാറ്റുന്നത് ക്രൂരതയെന്ന് മദ്രാസ് ഹൈക്കോടതി

MADRASS HC

മദ്രാസ് ഹൈക്കോടതി

വെബ് ഡെസ്ക്

Published on Jun 03, 2026, 06:26 AM | 2 min read

ചെന്നൈ: ഹിന്ദു ആചാരപ്രകാരം വിവാഹിതയായ സ്ത്രീ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ താലിമാറ്റുന്നതും ഭർത്താവിന്റെ മേലുദ്യോഗസ്ഥർക്ക് അപകീർത്തികരമായ പരാതികൾ നൽകുന്നതും കടുത്ത മാനസിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. 49 വർഷം നീണ്ടുനിന്ന വിവാഹബന്ധം വേർപെടുത്തിക്കൊണ്ടാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർണായക നിരീക്ഷണം നടത്തിയത്.


വിവാഹമോചനം അനുവദിച്ച കുടുംബകോടതി വിധിക്കെതിരെ ഭാര്യ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് പി വടമലൈ ഉൾപ്പെട്ട ബെഞ്ച് തള്ളി. 1977 ഓഗസ്റ്റിലായിരുന്നു സൈനിക ഉദ്യോഗസ്ഥനായ പരാതിക്കാരനും ഭാര്യയും തമ്മിലുള്ള വിവാഹം നടന്നത്. എന്നാൽ, വിവാഹത്തിന്റെ തുടക്കം മുതൽ ഭാര്യ തനിക്കെതിരെ പരസ്ത്രീ ബന്ധം ആരോപിച്ച് പരസ്യമായി അപമാനിച്ചതായും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് വ്യാജ പരാതികൾ അയച്ച് കരിയർ തകർത്തതായും ഭർത്താവ് കോടതിയെ ബോധിപ്പിച്ചു.


കേസിന്റെ വിചാരണവേളയിൽ, താൻ താലിമാറ്റിയിട്ടുണ്ടെന്നും സ്വർണാഭരണങ്ങൾ ധരിക്കാറില്ലെന്നും ഭാര്യ കോടതിയിൽ സമ്മതിച്ചിരുന്നു. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഒരു ഹൈന്ദവ സ്ത്രീയും താലി കഴുത്തിൽ നിന്ന് മാറ്റാറില്ലെന്നും, അത് വൈവാഹിക ജീവിതത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്ന പവിത്രമായ ഒന്നാണെന്നും കോടതി നിരീക്ഷിച്ചു.


ഭർത്താവിന്റെ മരണശേഷമേ സാധാരണയായി അത് മാറ്റാറുള്ളൂ. അതിനാൽ ഭാര്യ മനഃപൂർവം താലി മാറ്റുന്നത് ഭർത്താവിനോട് കാണിക്കുന്ന കടുത്ത മാനസിക പീഡനമായി മാത്രമേ കാണാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഇതിനൊപ്പം ഭാര്യ പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ചതും ഭർത്താവിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കിയതായി കോടതി ചൂണ്ടിക്കാട്ടി.


"ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ ഒരു ഹൈന്ദവ സ്ത്രീയും താലി കഴുത്തിൽ നിന്ന് മാറ്റാറില്ല. വൈവാഹിക ജീവിതത്തിന്റെ തുടർച്ചയെ സൂചിപ്പിക്കുന്ന പവിത്രമായ അടയാളമാണ് താലിമാല. അത് കഴുത്തിൽ നിന്നും നീക്കം ചെയ്യുന്നത് വൈവാഹിക ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത് ഭർത്താവിന്റെ വികാരങ്ങളെ കടുത്ത രീതിയിൽ മുറിപ്പെടുത്തുന്ന മാനസിക പീഡനമാണ്- കോടതി വ്യക്തമാക്കി"


പങ്കാളിയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് തൊഴിലുടമയ്ക്കോ മേലുദ്യോഗസ്ഥർക്കോ അപകീർത്തികരമായ പരാതികൾ നൽകുന്നത് വിവാഹമോചനത്തിന് വ്യക്തമായ കാരണമാണെന്ന് സുപ്രീം കോടതി ഉത്തരവുകൾ ഉദ്ധരിച്ച് ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് ഭാര്യ നിരന്തരം കത്തുകളയച്ചത് ഭർത്താവിന്റെ അന്തസ്സിനെയും പ്രൊഫഷണൽ ജീവിതത്തെയും ബാധിച്ചുവെന്നും കോടതി കണ്ടെത്തി.


കഴിഞ്ഞ പത്ത് കൊല്ലത്തിന് മുകളിലായി ഇവർ വേർപിരിഞ്ഞു താമസിക്കുകയാണെന്നും ഒന്നിച്ചുപോകാൻ ഭാര്യയുടെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വെറും പേപ്പറിൽ മാത്രം ഒതുങ്ങുന്ന ഇത്തരം ബന്ധങ്ങൾ ദീർഘകാലം മുന്നോട്ട് കൊണ്ടുപോകാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാഹമോചനത്തിന് അനുമതി നൽകിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home