ad
Deshabhimani

print edition വെനസ്വേലൻ എണ്ണ വാങ്ങാം; റിലയൻസിന്‌ അമേരിക്കൻ ‘ലൈസൻസ്‌’

reliance
വെബ് ഡെസ്ക്

Published on Feb 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: വെനസ്വേലയിൽനിന്ന് ക്രൂഡ്‌ ഓയിൽ സംഭരണത്തിനും കയറ്റുമതിക്കും വിൽപ്പനയ്‌ക്കും അമേരിക്കയുടെ ലൈസൻസ്‌ വാങ്ങി മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌. റഷ്യൻ എണ്ണയ്‌ക്ക്‌ പകരം അമേരിക്കയിൽനിന്നും വെനസ്വേലയിൽനിന്നും ക്രൂഡോയിൽ വാങ്ങണമെന്നും മോദി സർക്കാരിന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ നിർദേശം നൽകിയതിന്‌ പിന്നാലെയാണ്‌ റിലയൻസ്‌ ലൈസൻസ്‌ നേടിയത്‌. ട്രംപിനെ പ്രീതിപ്പെടുത്താൻ സർക്കാർ നിർദേശപ്രകാരമാണ്‌ റിലയൻസ്‌ നീക്കമെന്ന്‌ സൂചനയുണ്ട്‌.


വെനസ്വേലയിൽ ഉൽപ്പാദിപ്പിച്ച ക്രൂഡ്‌ ഓയിൽ വാങ്ങുന്നതിനും വിൽക്കുന്നതിനുമൊപ്പം അവിടെനിന്നുള്ള ക്രൂഡ്‌ ഓയിൽ ശുദ്ധീകരിച്ച്‌ പെട്രോൾ‍, ഡീസൽ തുടങ്ങി ഉപോൽപ്പന്നങ്ങളാക്കി വിൽക്കാനും അമേരിക്ക നൽകിയ ജനറൽ ലൈസൻസ്‌ പെർമിറ്റിലൂടെ റിലയൻസിന്‌ കഴിയും. ജനുവരി ആദ്യം വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന്‌ പിന്നാലെ റിലയൻസ്‌ ലൈസൻസ്‌ അപേക്ഷ നൽകിയതായാണ്‌ വിവരം.


മഡൂറോയുടെ ഭരണകാലത്ത്‌ വെനസ്വേലൻ എണ്ണയ്‌ക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. എന്നാൽ വെനസ്വേലയിലെ യുഎസ്‌ അതിക്രമത്തിന്‌ പിന്നാലെ എണ്ണ ഉപരോധവും പിൻവലിച്ചു. 200 കോടി ഡോളറിന്റെ വെനസ്വേലൻ എണ്ണ അമേരിക്ക ഇടനില നിന്ന്‌ മറ്റ്‌ രാജ്യങ്ങൾക്ക്‌ വിൽക്കാൻ ഇതിനോടകം ധാരണയായിട്ടുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ റിലയൻസ്‌ ഗ്രൂപ്പ്‌ യുഎസിൽനിന്ന്‌ ലൈസൻസ്‌ സ്വന്തമാക്കിയത്‌. പതിനായിരം കോടി ഡോളർ മുതൽമുടക്കിൽ വെനസ്വേലയിലെ ക്രൂഡോയിൽ ഉൽപ്പാദന പശ്‌ചാത്തലസ‍ൗകര്യങ്ങൾ പുനർനിർമിക്കുമെന്ന പ്രഖ്യാപനവും അമേരിക്ക നടത്തിയിട്ടുണ്ട്‌.


അമേരിക്കൻ താക്കീതിനെ തുടർന്ന്‌ 2021 മുതൽ വെനസ്വേലൻ എണ്ണ വാങ്ങുന്നത്‌ മോദി സർക്കാർ നിർത്തിയിരുന്നു. ഇറാൻ എണ്ണയും അമേരിക്കൻ ഭീഷണിയെ തുടർന്ന്‌ ഉപേക്ഷിച്ചു. ഇപ്പോൾ റഷ്യൻ എണ്ണകൂടി വേണ്ടെന്ന്‌ വച്ചതിനുശേഷമാണ്‌ റിലയൻസ്‌ പോലുള്ള സ്വകാര്യ ഗ്രൂപ്പുകൾ വഴി അമേരിക്കയുടെ ഇടനിലയിൽ വെനസ്വേലൻ എണ്ണ വീണ്ടും എത്തിക്കാനുള്ള നീക്കം. റിലയൻസ് നേരത്തെ സ്ഥിരമായി വെനസ്വേലൻ എണ്ണ വാങ്ങിയിരുന്നു. 2019–20ൽ മഡുറോ സർക്കാരിനെതിരെ യുഎസ് ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നിർത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home