print edition ഇസ്രയേലുമായുള്ള ബന്ധം; ഇന്ത്യയോടുള്ള വഞ്ചന: കിസാൻ സഭ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിൽ വിമർശവുമായി അഖിലേന്ത്യ കിസാൻ സഭ. ക്രൂരമായ വംശഹത്യയ്‌ക്ക് നേതൃത്വം നൽകുന്ന ഇസ്രയേൽ ഭരണകൂടത്തിന് പാദസേവ ചെയ്യുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ പാരമ്പര്യം പേറുന്ന ഇന്ത്യയോടുള്ള വഞ്ചനയാണ്. കൃഷി, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്‍കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും 15ൽ അധികം ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ഇസ്രയേലിന്റെ കൊളോണിയൽ പദ്ധതിയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ എത്തിക്കുന്നതിനുള്ള കരാറും ഇതിലുൾപ്പെടും. മോദി- സർക്കാർ ഇന്ത്യയെ യുഎസ്– -ഇസ്രയേൽ അച്ചുതണ്ടിന്റെ ചുഴിയിലേക്ക് തന്ത്രപരമായി തള്ളിവിടുകയാണ്.
കാർഷിക മേഖലയിലെ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ സംബന്ധിച്ചും ഇരുരാജ്യങ്ങളുടെയും സംയുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇസ്രയേൽ സാങ്കേതിക വിദ്യ എത്തിക്കാനാണ് നീക്കം. ‘ഇന്ത്യ– ഇസ്രയേൽ ഇന്നൊവേഷൻ സെന്റർ ഫോർ അഗ്രികൾച്ചർ’ എന്ന പദ്ധതിയും പുരോഗമിക്കുന്നു. സാമ്രാജ്യത്വ അജൻഡകൾക്ക് വെള്ളവും വളവും നൽകുന്നതിൽ ഇസ്രയേലി കാർഷിക വ്യവസായ മേഖലയ്‌ക്കുള്ള പങ്ക് പലതവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇസ്രയേലിലെ ഇന്ത്യൻ ചങ്ങാത്ത കോർപറേറ്റ് ബിസിനസ് ഗ്രൂപ്പുകൾക്കും വേണ്ടിയാണ് മോദിയുടെ സന്ദർശനം. ഇന്ത്യയുടെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങളെ യുഎസ് സാമ്രാജ്യത്വത്തിനും അവരുടെ ദാസന്മാർക്കും അടിയറവ് വച്ച പ്രധാനമന്ത്രിക്കെതിരെ രാജ്യത്തെ മുഴുവൻ കർഷകരും തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments