ad
Deshabhimani

ചെങ്കോട്ട സ്‌ഫോടനം; ബോംബ് നിർമാണത്തിന് പ്രതി ചാറ്റ് ജിപിടി ഉപയോഗിച്ചു, കുറ്റപത്രം സമർപ്പിച്ച് എൻഐഎ

DELHI

image: NDTV

വെബ് ഡെസ്ക്

Published on May 25, 2026, 07:44 AM | 1 min read

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ബോംബ് നിർമാണത്തിനും ആക്രമണത്തിനുമുള്ള പദ്ധതികൾക്കായി പ്രതി ചാറ്റ് ജിപിടിയുടെ സഹായം തേടിയിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു.


7500 പേജുള്ള കുറ്റപത്രമാണ് എൻഐഎ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രതികൾ ഐഇഡികൾ നിർമിക്കുകയും ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ക്വാസിഗണ്ട് കാട്ടുകളിൽ പരീക്ഷണാർത്ഥം ഉപയോഗിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.


ഐഇഡികൾ ഉപയോഗിച്ച വിധത്തെക്കുറിച്ചും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. റോക്കറ്റ് എങ്ങനെ നിർമിക്കും, മിശ്രിതങ്ങളുടെ അനുപാതം എത്ര വേണം' എന്നിങ്ങനെ പ്രതികൾ യൂട്യൂബിലും ചാറ്റ്ജിപിടിയിലും തെരച്ചിൽ നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിലെ മുഖ്യ ആസൂത്രകനായ ജാസിർ ബിലാൽ വാനി 2024-25 കാലഘട്ടങ്ങളിൽ രണ്ട്-മൂന്ന് തവണ ഹരിയാനയിലെ ഫരീദാബാദിലെ അൽ ഫലാ സർവകലാശാല ക്യാമ്പസിലെത്തി ഗൂഢാലോചനയ്ക്കുള്ള സാങ്കേതികമായ സഹായങ്ങൾ നൽകിയതായും കുറ്റപത്രത്തിലുണ്ട്. പൊടിച്ച പഞ്ചസാര, പൊട്ടാസ്യം നൈട്രേറ്റ് തുടങ്ങി റോക്കറ്റ് ഐഇഡി നിർമാണത്തിന് ആവശ്യമായ വസ്തുക്കളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും സ്‌ഫോടനത്തിന് ഉപയോഗിച്ച കാറ് ഓടിച്ചിരുന്ന അദീൽ അഹ്‌മദ് റാത്തർ ജാസിറിന് എത്തിച്ച് നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.


2025 നവംബർ പത്തിനാണ് രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനമുണ്ടാകുന്നത്. 15 പേർ മരിച്ച സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home