ad
Deshabhimani

print edition എല്ലാതലത്തിലും തെറ്റുതിരുത്തൽ: എം എ ബേബി

MA BABY
avatar
സ്വന്തം ലേഖകൻ

Published on Jul 15, 2026, 12:00 AM | 1 min read

ന്യൂഡൽഹി: ​കേരളം, പശ്‌ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ഫലങ്ങളുടെ പശ്ചാത്തലത്തിൽ പാർടി ആത്മാർഥമായ തെറ്റുതിരുത്തൽ പ്രവർത്തനങ്ങളിലേക്ക്‌ കടക്കുമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. തെരഞ്ഞെടുപ്പ്‌ ഫ-ലങ്ങൾ കേന്ദ്രകമ്മിറ്റി ആഴത്തിൽ പരിശോധിച്ചു. പ്രചാരണങ്ങൾ സംഘടിപ്പിക്കുന്ന രീതിയിലും വിഷയങ്ങൾ ഉന്നയിക്കുന്നതിലും സ്ഥാനാർഥിനിർണയത്തിലും പോരായ്‌മകളും ദ‍ൗർബല്യങ്ങളും ഉണ്ടായതായി യോഗം വിലയിരുത്തി. അതിനെയെല്ലാം മറികടക്കാനാണ്‌ തെറ്റുതിരുത്തൽ. പശ്ചിമ ബംഗാളിൽ ആഗസ്‌ത്‌ അവസാന വാരത്തിലും കേരളത്തിൽ സെപ്‌തംബർ രണ്ടാം വാരവും ചേരുന്ന വിപുലീകൃത സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച വ്യക്തമായ നടപടികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന്‌ എം എ ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്കുവേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന വസ്‌തുത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ സംഭവിച്ച വീഴ്‌ചകളാണ്‌ പരാജയത്തിനുള്ള പ്രധാനകാരണം. ജനറൽ സെക്രട്ടറി മുതൽ ബ്രാഞ്ച്‌ അംഗം വരെയുള്ളവരുടെ പ്രവർത്തനങ്ങളിൽ ചെറുതും വലുതുമായ പോരായ്‌മകളുണ്ടായി. എല്ലാവരുടെ ഭാഗത്തുനിന്നും ഒരേപോലെയുള്ള വീഴ്‌ചകളല്ല ഉണ്ടായിട്ടുള്ളത്‌. ‘ഞങ്ങൾക്ക്‌ എന്ത്‌ തെറ്റാണ്‌ സംഭവിച്ചതെന്ന്‌’ ഒരോ തലത്തിലുമുള്ള പ്രവർത്തകർ സ്വയം വിലയിരുത്തണം. സ്വയംവിമർശനത്തിന്‌ അതീതരായി ആരും പാർടിയിലില്ല. എല്ലാ തലങ്ങളിലുമുള്ള നേതാക്കളുടെ പെരുമാറ്റ ശൈലിയിൽ ചില തെറ്റുകുറ്റങ്ങളും പോരായ്‌മകളുമുണ്ടായി എന്നത്‌ യാഥാർഥ്യമാണ്‌. അത്‌ തിരുത്തണമെന്നാണ്‌ കേന്ദ്രകമ്മിറ്റി അംഗീകരിച്ച രേഖയിൽ പറയുന്നത്‌. ആ നിർദേശം മാധ്യമങ്ങൾ ഉന്നമിട്ടിട്ടുള്ള ഏതെങ്കിലും നേതാവിനെ ഉദ്ദേശിച്ചുള്ളതല്ല; എല്ലാ തലങ്ങളിലുമുള്ള പാർടി നേതാക്കൾ ജനങ്ങളോട്‌ പുലർത്തേണ്ട പെരുമാറ്റരീതികളെക്കുറിച്ചുള്ള വിലയിരുത്തലാണ്‌.


ജനങ്ങൾ പറയുന്നത്‌ കേൾക്കാനുള്ള ക്ഷമയും അവർക്ക്‌ പറയാനുള്ളത്‌ മുഴുവൻ കേട്ട ശേഷം ക്ഷമാപൂർവം മറുപടി പറയാനുള്ള ജനാധിപത്യമര്യാദയും പുലർത്തണം. ഇത്തരം കാര്യങ്ങളിൽ ചില അവസരങ്ങളിൽ താൻ ഉൾപ്പെടെയുള്ളവർക്ക്‌ വീഴ്‌ചകളുണ്ടായിട്ടുണ്ടാകാം. വീഴ്‌ചകളും പോരായ്‌മകളും ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതാമനോഭാവം അടിമുടി ഉണ്ടാക്കണമെന്നാണ്‌ കേന്ദ്രകമ്മിറ്റി രേഖയിൽ പറയുന്നത്‌ –അദ്ദേഹം പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home