മലയാളി ഉൾപ്പടെ മൂന്ന് പേർ ആർബിഐ സെൻട്രൽ ബോർഡ് ഡയറ്കടർമാർ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെൻട്രൽ ബോർഡിലേക്ക് മലയാളി ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് ഡയറക്ടർമാരെ നാല് വർഷത്തെ കാലാവധിയിൽ കേന്ദ്ര സർക്കാർ നിയമിച്ചു.
കോട്ടയം സ്വദേശിയായ ആനി ജോർജ് മാത്യു, മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ, സാമ്പത്തിക വിദഗ്ധൻ ജെ.കെ. സിൻഹ എന്നിവരാണ് പുതിയ പാർട്ട് ടൈം നോൺ-ഓഫീഷ്യൽ ഡയറക്ടർമാർ. ധനകാര്യ സേവന വകുപ്പ് സമർപ്പിച്ച നിർദ്ദേശത്തിന് ആഗസ്റ്റ് 22-നാണ് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകിയത്.
ആനി ജോർജ് മാത്യു
1988 ബാച്ച് ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസ് ഉദ്യോഗസ്ഥയാണ്. ധനമന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ഇവർ 2021 സെപ്റ്റംബറിലാണ് വിരമിച്ചത്. പതിനാറാം ധനകാര്യ കമ്മീഷനിൽ മുഴുവൻ സമയ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പബ്ലിക് ഫിനാൻസ്, ഗവൺമെന്റ് ഓഡിറ്റിംഗ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിവയിൽ 34 വർഷത്തെ പ്രവൃത്തിപരിചയമുണ്ട്.
സയ്യിദ് അക്ബറുദ്ദീൻ
1985 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം 2016-20 കാലയളവിൽ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. 2012-15ൽ വിദേശകാര്യ മന്ത്രാലയ വക്താവായും 2006-11ൽ അന്താരാഷ്ട്ര അറ്റോമിക് എനർജി ഏജൻസിയിൽ ഇന്ത്യയുടെ പ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്.
ജെ കെ സിൻഹ
റിസർവ് ബാങ്കിൽ തന്നെ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായും പ്രമുഖ ആഗോള കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹം സാമ്പത്തിക പരിഷ്കാരങ്ങളിൽ സർക്കാരിന്റെ ഉപദേശകനാണ്.









0 comments