മധ്യപ്രദേശിലെ ഗവ. ആശുപത്രിയിൽ എലി കടിച്ച നവജാതശിശുക്കൾ മരിച്ചു

ഇൻഡോർ: ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മഹാരാജ യശ്വന്തരോ ചികിത്സാലയത്തിൽ വച്ച് എലി കടിച്ച രണ്ട് നവജാതശിശുക്കൾ മരിച്ചു. സംഭവത്തിൽ ആശുപത്രിക്കും സർക്കാരിനുമെതിരെ വൻ പ്രതിഷേധം ഉയർന്നു. ആഗസ്‌ത് 31നാണ് കുഞ്ഞുങ്ങളെ എലി കടിച്ചത്. നവജാതശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് സംഭവം.
ഇൗ കുട്ടികളിലൊരാൾ ബുധനാഴ്‌ചയും മറ്റൊരാൾ വ്യാഴാഴ്‌ചയും മരിച്ചു. ബുധനാഴ്‌ച മരിച്ച കുട്ടിയുടെ മൃതദ്ദേഹം പ്ലാസ്‌റ്റിക് കവറിൽ പൊതിഞ്ഞാണ് ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് നൽകിയത്. സംസ്‌കരിക്കുന്നതിനായി ശനിയാഴ്‌ച പുറത്തെടുത്തപ്പോൾ കുഞ്ഞിന്റെ കൈയിലെ നാല് വിരലുകൾ എലി കടിച്ചെടുത്ത നിലയിലായിരുന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കണമെന്നും മാതാപിതാക്കൾക്ക് നഷ്‌ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് ജയ് ആദിവാസി യുവശക്തിയുടെ നേതൃത്വത്തിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ, കുഞ്ഞുങ്ങളെ എലി നക്കുക മാത്രമാണുണ്ടായതെന്നും മരണകാരണം ജനിതകവൈകല്യങ്ങളാണെന്നും അവകാശപ്പെട്ട് ആശുപത്രി അധികൃതർ രംഗത്തെത്തി.









0 comments