കൂടുതൽ പണം നല്‍കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിതരാക്കുന്നു; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ

ന്യൂഡൽഹി: യാത്ര ബുക്ക് ചെയ്ത ശേഷവും കൂടുതൽ പണം നൽകാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ച നടപടിയിൽ റാപ്പിഡോയ്ക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) 10 ലക്ഷം രൂപ പിഴ ചുമത്തി. റാപ്പിഡോയുടെ ഓപ്പറേറ്റിങ് കമ്പനിയായ റോപൻ ട്രാൻസ്‌പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടപടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, അന്യായ വ്യാപാരരീതികൾ, ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേൺ’ രീതികൾ എന്നിവ കണ്ടെത്തിയതിനെ തുടർന്നാണ് പിഴ.
റൈഡ് ബുക്ക് ചെയ്യുമ്പോൾ ആദ്യം ഒരു നിരക്ക് കാണിക്കുകയും പിന്നീട് “കൂടുതൽ നിരക്ക് നൽകിയാൽ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടും”, “₹60ക്ക് ക്യാപ്റ്റൻമാർ റൈഡ് സ്വീകരിക്കുന്നില്ല; ₹10, ₹20, ₹30 കൂടി ചേർക്കൂ” തുടങ്ങിയ സന്ദേശങ്ങൾ ആപ്പിൽ കാണിക്കുകയും ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. യാത്ര ഉറപ്പിക്കണമെങ്കിൽ കൂടുതൽ തുക നൽകേണ്ടിവരുമെന്ന തോന്നൽ ഉപഭോക്താവിൽ സൃഷ്ടിക്കുന്ന രീതിയാണിതെന്ന് സിസിപിഎ വിലയിരുത്തി. ഇത്തരം രീതിയെ ‘കൺഫേം ഷെയ്മിങ്’ എന്നാണ് അതോറിറ്റി വിശേഷിപ്പിച്ചത്.
കൂടുതൽ തുക നൽകാത്തപക്ഷം റൈഡ് നഷ്ടപ്പെടുമെന്ന സമ്മർദം ഉപഭോക്താവിൽ ഉണ്ടാക്കുന്നതിനാലാണ് ഇത് ‘ഡാർക്ക് പാറ്റേൺ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് സിസിപിഎ വ്യക്തമാക്കി. റാപ്പിഡോയുടെ ‘Set your price’ സ്ലൈഡറിലും പ്രശ്നങ്ങൾ കണ്ടെത്തി. നിരക്ക് കൂട്ടുമ്പോൾ പച്ചനിറത്തിൽ “റൈഡ് ലഭിക്കാനുള്ള സാധ്യത കൂടുതൽ” എന്ന് കാണിക്കുകയും നിരക്ക് കുറയ്ക്കുമ്പോൾ ചുവപ്പോ ഓറഞ്ചോ നിറത്തിലുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതുവഴി കൂടുതൽ പണം നൽകുന്നതിലേക്ക് ഉപഭോക്താവിനെ സ്വാധീനിക്കുന്നതായി അതോറിറ്റി കണ്ടെത്തി. ടിപ്പ് സാധാരണയായി സേവനം ലഭിച്ചതിന് ശേഷം ഉപഭോക്താവ് സ്വന്തം ഇഷ്ടപ്രകാരം നൽകുന്ന തുകയാണെന്നും, യാത്ര ലഭിക്കാനുള്ള നിബന്ധനപോലെ അത് അവതരിപ്പിക്കരുതെന്നും സിസിപിഎ വ്യക്തമാക്കി.
2025ലെ മോട്ടോർ വാഹന അഗ്രിഗേറ്റർ മാർഗനിർദേശപ്രകാരം ടിപ്പ് നൽകാനുള്ള സൗകര്യം യാത്ര പൂർത്തിയായ ശേഷമേ നൽകാവൂ എന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ടിപ്പ് നൽകുന്നത് പൂർണമായും സ്വമേധയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ റൈഡ് മാച്ചിങ് സംവിധാനം മാറില്ലെന്നുമായിരുന്നു റാപ്പിഡോയുടെ വിശദീകരണം. എന്നാൽ ഈ വാദം അംഗീകരിക്കാതെയാണ് സിസിപിഎ നടപടി സ്വീകരിച്ചത്. സമാന പരാതികളിൽ ഉബർ, ഓല, നമ്മ യാത്രി തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കും നേരത്തെ നോട്ടീസ് നൽകിയിട്ടുണ്ട്. ഉബർ, ഓല എന്നിവയ്‌ക്കെതിരായ അന്വേഷണം തുടരുകയാണ്.









0 comments