പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്‌സ് കപ്പ് സമാപിച്ചു

മനാമ : ബഹ്‌റൈൻ പ്രതിഭ മനാമ മേഖല, ബഹ്‌റൈൻ ചെസ് ഫെഡറേഷനും അർജുൻസ് ചെസ് അക്കാദമിയുമായി ചേർന്ന് സംഘടിപ്പിച്ച പ്രഥമ ഇന്റർനാഷണൽ ചെസ് ടൂർണമെന്റ് സമാപിച്ചു. സമാപന സമ്മേളനം ബഹ്‌റൈൻ ഒളിമ്പിക്‌സ് കമ്മിറ്റി ഡയറക്ടർ ലൂനസ് മദീൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ വി ലിവിൻകുമാർ, കൺവീനർ മനോജ് പോൾ, അൽ മൊയ്ദ് ഗ്രൂപ്പ് സിഒഒ ലോഹിദാസ്, അർജുൻസ് ചെസ് അക്കാദമി ഡയറക്ടർ അർജുൻ, മേഖല സെക്രട്ടറി രാജേഷ് അറ്റാച്ചേരി എന്നിവർ സംസാരിച്ചു. ഗലാലിയിൽ നടന്ന ടൂർണമെന്റ് ബഹ്‌റൈൻ ചെസ് ഫെഡറേഷൻ ബോർഡ് അംഗം മുസ-്തഫ സലാഹ് ഉദ്ഘാടനംചെയ്തു. ഏഴ് റൗണ്ടിലായി റാപ്പിഡ് ഫോർമാറ്റിൽ സംഘടിപ്പിച്ച മത്സരത്തിൽ ബഹ്‌റൈൻ ദേശീയ ചാമ്പ്യൻ ഉൾപ്പടെ ഒമ്പത് രാജ്യത്തുനിന്നുള്ള 140 മത്സരാർഥികൾ മാറ്റുരച്ചു.
പൃഥ്വിരാജ് പ്രജീഷ് ഒന്നാംസ്ഥാനം നേടി. ട്രോഫിയും 600 ഡോളറും സമ്മാനം. മെറോ അഘ്യാദ് രണ്ടാംസ്ഥാനവും (400 ഡോളർ), അയ്യാദ് ഹുസൈൻ മൂന്നാംസ്ഥാനവും (200 ഡോളർ) കരസ്ഥമാക്കി. ധ്രുവി ശ്രീകാന്ത് പണിഗ്രാഹി (100 ഡോളർ), നവനീത്, ശ്രീകാന്ത് (75 ഡോളർ) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനം നേടി. അണ്ടർ 15 വിഭാഗത്തിൽ എ ഹഡ്സണും അണ്ടർ 10 വിഭാഗത്തിൽ സാത്വിക് ശർമയും റേറ്റുചെയ്യാത്തവരുടെ വിഭാഗത്തിൽ ഫഹദ് ഫവാസ് അൽഖൊസൈബിയും 1400–1599 റേറ്റിങ് വിഭാഗത്തിൽ ആദിത്യ അഗർവാളും ഒന്നാംസ്ഥാനം നേടി.
ജൂദ് മൻസൂർ അൽഫറാജ് മികച്ച ബഹ്റൈനി ജൂനിയർ കളിക്കാരനായി. അൽ ഖല്ലാഫ് അലി രണ്ടാംസ്ഥാനവും അലബ്ബാസ് അലി മൂന്നാം സ്ഥാനവും നേടി. മികച്ച സ്കൂൾ പങ്കാളിത്തത്തിനുള്ള ട്രോഫി ന്യൂ മില്ലെനിയം സ്കൂൾ സ്വന്തമാക്കി. മുതിർന്ന കളിക്കാരനായി പിസ്പിനിസ് ഡിമിട്രിയോസിനെയും, വനിതാ താരമായി ജൂദി മൻസൂർ അൽഫറാജിനെയും തെരഞ്ഞെടുത്തു.








0 comments