മണിപ്പുരിൽ വീണ്ടും സംഘര്‍ഷം; വയലിൽ ജോലിചെയ്യുകയായിരുന്ന രണ്ട് സ്ത്രീകൾ വെടിയേറ്റു കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പുരിൽ വംശീയ അക്രമങ്ങൾ വീണ്ടും രൂക്ഷമാകുന്നു. ജിരിബാം ജില്ലയിലെ ലെയ്‌സാങ് കുക്കി ഗ്രാമത്തിൽ വയലിൽ ജോലിചെയ്യുകയായിരുന്ന രണ്ട് ഗോത്രവർഗ സ്ത്രീകളെ അജ്ഞാതർ വെടിവച്ചുകൊന്നു. ചോംഗ സിറ്റ്‌ലൂ (60), കിംബോയ് സിങ്‌സൺ (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിറക് ശേഖരിക്കുന്നതിനിടെയാണ് ചോംഗ സിറ്റ്‌ലൂവിന് വെടിയേറ്റത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയശേഷം മാതാപിതാക്കളെ കൃഷിയിൽ സഹായിക്കാൻ നാട്ടിലെത്തിയതായിരുന്നു കിംബോയ് സിങ്‌സൺ. ആക്രമണസമയത്ത് വയലുകളിലുണ്ടായിരുന്ന മറ്റു ചില ഗ്രാമീണരെക്കുറിച്ച് വിവരമില്ലെന്നും പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പ്രദേശത്തെ നിരവധി കൃഷിയിടങ്ങളോടുചേർന്ന വീടുകളും അക്രമികൾ തീയിട്ടു നശിപ്പിച്ചതായാണ് റിപ്പോർട്ട്.
രണ്ട് ദിവസം മുമ്പ് മണിപ്പുരിലെ തമെങ്ക്‌ലോങ്, നോനി ജില്ലകളിലായി നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി–സോ വിഭാഗത്തിൽപ്പെട്ട നാലുപേർ കൊല്ലപ്പെട്ടിരുന്നു. സെപ്തംബർ 13ന് ടോളൻ ഗ്രാമത്തിലും ലോങ്പി ഗ്രാമത്തിലുമായിരുന്നു ആക്രമണം. ദമ്പതികൾ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. തുടർച്ചയായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ജിരിബാമിൽ വീണ്ടും രണ്ട് സ്ത്രീകളുടെ ജീവനെടുത്ത വെടിവയ്പ്.
2023 മെയ് മുതൽ മെയ്‌ത്തീ–കുക്കി വിഭാഗങ്ങൾക്കിടയിൽ രൂക്ഷമായ വംശീയ സംഘർഷമാണ് മണിപ്പുരിൽ തുടരുന്നത്. നൂറുകണക്കിന് പേർ കൊല്ലപ്പെടുകയും പതിനായിരങ്ങൾ വീടുവിട്ട് ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്ഥിരമായ സമാധാനം തിരിച്ചെത്തിയിട്ടില്ല. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര–സംസ്ഥാന ബിജെപി സർക്കാരുകൾ പരാജയപ്പെട്ടുവെന്ന വിമർശനം തുടക്കംമുതൽ ഉയർന്നിരുന്നു. രാഷ്ട്രീയ പരിഹാരത്തിനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രം ഇടപെടണമെന്ന് സിപിഐ എം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
കലാപം നിയന്ത്രിക്കാനാകാതെ എൻ ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെ 2025 ഫെബ്രുവരിയിൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. ഒരു വർഷത്തിനുശേഷം 2026 ഫെബ്രുവരിയിൽ രാഷ്ട്രപതി ഭരണം പിൻവലിച്ച് യുംനം ഖേംചന്ദ് സിങ്ങിന്റെ നേതൃത്വത്തിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചു. എന്നാൽ പുതിയ സർക്കാർ അധികാരത്തിലെത്തിയശേഷവും സംസ്ഥാനത്ത് ആക്രമണങ്ങൾ അവസാനിച്ചിട്ടില്ല. ഏപ്രിലിലും കുക്കി–സോമി മേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ റോക്കറ്റ് ആക്രമണത്തിൽ കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടിരുന്നു.
ജിരിബാം–തമെങ്ക്‌ലോങ് അതിർത്തിപ്രദേശത്തെ ഗ്രാമങ്ങളിലാണ് പുതിയ ആക്രമണങ്ങൾ ഭീതി ശക്തമാക്കുന്നത്.









0 comments