ഡൽഹിയിൽ സമര വേദികൾ ഇല്ലാതാക്കുന്നു; രാംലീല മൈതാനത്തിന് ഒരു ദിവസം 1.21 ലക്ഷം രൂപ; ഈ വർഷം ഒഴിവുള്ളത് 3 ദിവസം മാത്രം

ന്യൂഡൽഹി: ഡല്‍ഹി നഗരത്തില്‍ പ്രതിഷേധത്തിനുള്ള വേദികള്‍ ഇല്ലാതാക്കുന്നു. കഴിഞ്ഞദിവസമാണ് ഡൽഹിയിൽ പതിറ്റാണ്ടുകളായി സമരങ്ങളുടെ ചരിത്രമുള്ള ജന്തർമന്തർ പ്രതിഷേധവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. പകരം സമരം അനുവദിച്ചത് രാംലീല മൈതാനത്തുമാണ്.
എന്നാല്‍ ജന്തർ മന്തറിന് പകരം ഡൽഹിയിലെ സ്ഥിരം സമരവേദിയായി പ്രഖ്യാപിച്ച രാംലീല മൈതാനത്ത് സമരം നടത്തണമെങ്കിൽ വൻ തുകയാണ് കേന്ദ്രം വാടകയായി ഈടാക്കുന്നത്. ഒരു ദിവസത്തെ ബുക്കിങ് നിരക്ക് 50,000 രൂപയാണ്. ഇതിനുപുറമെ 55,000 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റായും അടയ്ക്കണം. നികുതികൾ ഉൾപ്പെടെ ഒരു ദിവസത്തെ ഉപയോഗത്തിനായി 1.21 ലക്ഷം രൂപയോളം ചെലവ് വരും. 55,000 രൂപ റീഫണ്ടബിൾ സെക്യൂരിറ്റി ഡെപ്പോസിറ്റാണെങ്കിലും സമരത്തിന് തയ്യാറെടുക്കുമ്പോൾ കൈവശം 1.21 ലക്ഷം രൂപയുണ്ടാകണം.
അടുത്ത രണ്ടര മാസത്തേക്ക് രാംലീല മൈതാനത്ത് ബുക്കിങ് പൂർണമാണ്. നിലവിൽ ഈ വർഷം ഡിസംബർ 29, 30, 31 തീയതികളിൽ മാത്രമാണ് ഇനി ഒഴിവുള്ളത്. മൈതാനത്തിന്റെ വളരെ ചെറിയൊരു ഭാഗം സൗജന്യ പ്രതിഷേധങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഇവിടെ പരമാവധി 150 പേർക്ക് മാത്രമേ പങ്കെടുക്കാനാകൂ. ജന്തർ മന്തറിലെ സമരത്തിന് ഫീസൊന്നും നൽകേണ്ടതില്ലായിരുന്നു.
ജന്തർ മന്തറിന് പകരം ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സിബിഡി ഗ്രൗണ്ട് എന്നിവയാണ് പുതിയ പ്രതിഷേധവേദികളായി നിശ്ചയിച്ചത്. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ഹോർട്ടികൾച്ചർ വിഭാഗമാണ് റാംലീല മൈതാനത്തിന്റെ ബുക്കിങ് കൈകാര്യം ചെയ്യുന്നത്.
ഡൽഹി പൊലീസിന്റെ അനുമതിപത്രം ലഭിച്ചാൽ മാത്രമേ കോർപ്പറേഷൻ ബുക്കിങ് സ്ഥിരീകരിക്കുകയുള്ളൂ. ബുരാരി ഗ്രൗണ്ടിന് 80,000, രാംലീല മൈതാനത്തിന് 50,000, സിബിഡി ഗ്രൗണ്ടിന് 15,000 എന്നിങ്ങനെയാണ് ഗ്രൗണ്ടുകളുടെ നിരക്ക്.
പുതിയ സമരവേദികൾ പാർലമെൻറിൽ നിന്നും വളരെ അകലെയാണെന്നതാണ് മറ്റൊരു വെല്ലുവിളി. രാംലീല മൈതാനം പാർലമെന്റിൽനിന്ന് മൂന്ന് മുതൽ ആറ് കിലോമീറ്റർ അകലെയും സിബിഡി മൈതാനം 10 മുതൽ 14 കിലോമീറ്ററും ബുരാരി മൈതാനം 15 മുതൽ 23 കിലോമീറ്ററും അകലെയുമാണ്.









0 comments