നാട്ടികയിൽ പ്രതിഷേധം ആളിക്കത്തുന്നു; ടോൾ പ്ലാസയിലേക്ക് എൽഡിഎഫ് മാർച്ച്; പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും

തൃശൂർ: ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുൻപ് നാട്ടികയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച്. പ്രക്ഷോഭത്തിന് നേരെ പൊലീസ് ക്രൂരമായ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് സമരത്തിൽ അണിനിരന്നത്.
വ്യാഴാഴ്ചയാണ് നാട്ടികയിൽ ടോൾ പിരിവ് ആരംഭിച്ചത്. ഇതിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാട്ടിക ടോൾ പ്ലാസയിലേക്ക് ശക്തമായ പ്രതിഷേധമാണ് നടന്നുക്കൊണ്ടിരിക്കുന്നത്. സമാധാനപരമായി മുന്നേറിയ മാർച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. ദേശീയപാതയുടെ നിർമാണം 90ശതമാനം പൂർത്തിയായശേഷം മാത്രമേ ടോൾ പിരിക്കാൻ കഴിയുവെന്നാണ് നിയമം. എന്നാൽ, പണി പകുതി പോലുമാകാതെ ദേശീയപാത അതോറിറ്റി പിരിവ് തുടങ്ങുകയായിരുന്നു.
ദേശീയപാതയുടെ 90 ശതമാനത്തിലധികം നിർമാണവും പൂർത്തിയായെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. അതിനാൽ ടോൾ പിരിവ് ന്യായമാണെന്നാണ് അവരുടെ നിലപാട്. എന്നാൽ ഈ അവകാശവാദം തികച്ചും തെറ്റാണെന്ന് നാട്ടുകാരും എൽഡിഎഫും ശക്തമായി ചൂണ്ടിക്കാണിക്കുന്നു.
നിരവധി മേൽപ്പാലങ്ങളുടെ പണികൾ ഇനിയും പൂർത്തിയാകാനുണ്ട്. ഒട്ടനവധി അടിപ്പാതകളുടെ നിർമാണവും ബാക്കിയാണ്. റോഡിലെ ഡ്രെയിനേജ് സംവിധാനങ്ങൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഇനിയും ചെയ്യാനുള്ളത് വലിയ തോതിലുള്ള പ്രവൃത്തികളാണെന്നിരിക്കെ, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ജനങ്ങളെ കൊള്ളയടക്കാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന് സമരക്കാർ ആരോപിച്ചു.
ദേശീയപാത 66ന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാതെ നാട്ടികയിൽ ടോൾ പിരിക്കാനുള്ള നീക്കം ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചിരുന്നു. എന്നാൽ നിർത്തിവച്ച ടോൾ വീണ്ടും പിരിക്കാനുള്ള നീക്കത്തെ തുടർന്ന് ഞായറാഴ്‌ചയും എൽഡിഎഫ് നേതൃത്വത്തിൽ സമരം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം സിപിഐ എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും സമരങ്ങളും നടന്നു.









0 comments