Deshabhimani

സുഹൈലിനെ സംരക്ഷിച്ച് പൊലീസിന്റെ എഫ്ഐആർ: 'മദ്യപിച്ച് വാഹനമോടിച്ചതായി പരാമർശമില്ല'

suhail
വെബ് ഡെസ്ക്

Published on Oct 13, 2026, 11:29 AM | 2 min read

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മൂന്ന പേരെ കൊന്ന പ്രതിയെ സംരക്ഷിച്ച് പൊലീസിന്റെ എഫ്ഐആർ. സുഹൈലിന്റെ പേര് പോലും രേഖപ്പെടുത്താതെയാണ് അപകടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അപകടമുണ്ടാക്കിയ കാർ ഓടിച്ചയാളുടെ പേര് UNKNOWN എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ചെന്ന് സുഹൈൽ പറഞ്ഞിട്ടും എഫ്ഐആറിൽ അതേക്കുറിച്ച് യാതൊരു പരാമർശവുമില്ല. നെടുമ്പാശേരി വിഐപി റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായർ പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. രേഖകൾ പ്രകാരം ഞായറാഴ്ച രാവിലെ 6.59നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്ഐആർ വൈകിപ്പിച്ചതും പ്രതിയെ സംരക്ഷിക്കാനും പഴുതുകളുണ്ടാക്കാനുമാണെന്നും ആരോപണമുണ്ട്.


ഇഹ ഡിസൈന്‍സ് എന്ന പേരിൽ വസ്ത്രവ്യാപാരസ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ. അപകട സ്ഥലത്തെത്തിയ ആളുകളും പൊലീസും സുഹൈലിനെ തിരിച്ചറിഞ്ഞിട്ടും മണിക്കൂറുകൾക്കുള്ളിൽ തയാറാക്കിയ എഫ്ഐആറിൽ അപകടമുണ്ടാക്കിയ ആളുടെ പേര് അറിയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാറിന്റെ നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിന്റെ ആർസി ഉടമയായിട്ടും സുഹൈലിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തില്ല.


കേസിലെ ഒന്നാം പ്രതിയായ സുഹൈൽ സജീവ്‌ വാഹനം ഓടിച്ചത്‌ മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന്‌ പൊലീസ്‌ തന്നെ സമ്മതിച്ചതാണ്. ശനി ഉച്ചമുതൽ മദ്യപാനം തുടങ്ങി. അപകടത്തിന്‌ മുമ്പായി മൂന്ന്‌ ബാറുകളിൽ കയറി മദ്യം കഴിച്ചു. മദ്യലഹരിയിൽ വാഹനമോടിച്ചത്‌ 120 കിലോമീറ്റർ വേഗതയിയിലായിരുന്നുവെന്നും തെളിവെടുപ്പിനിടെ പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതിലും കൂടുതൽ വേഗതയിലായിരിക്കുമെന്നാണ്‌ നിഗമനം. ബ്രേക്ക്‌ ചവിട്ട്‌ കിട്ടിയിട്ടില്ലെന്നും സ്‌കൂട്ടർ കണ്ടില്ലെന്നും സുഹൈൽ പൊലീസിനോട്‌ പറഞ്ഞു. മിനികൂപ്പർ അമിതവേഗതയിലായിരുന്നുവെന്ന്‌ അറസ്റ്റിലായ മറ്റുമൂന്നുപേരും പൊലീസിനോട്‌ സമ്മതിച്ചു. എന്നാൽ എഫ്ഐആറിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതായി രേഖപ്പെടുത്തിയിട്ടില്ല.


മനഃപൂർവമല്ലാത്ത നരഹത്യക്കാണ്‌ സുഹൈലിനെതിരെ കേസെടുത്തത്‌. സുഹൈലിനെ നിലവിൽ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് പേരുടെ ജീവനെടുത്ത പ്രതിയെ ജയിലിലടക്കാതെ കറക്ഷണൽ ഹോമായ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതിൽ കടുത്ത വിമർശനം ഉയരുന്നുണ്ട്. എന്ത് സംഭവിച്ചാലും തന്നെ അച്ഛൻ സംരക്ഷിക്കുമെന്നാണ് സുഹൈൽ പറയുന്നത്. മന്ത്രിസഭയിൽ പോലും സ്വാധീനമുള്ളവരാണ് കേസിലെ പ്രതികളെന്നും തങ്ങളുടെ മക്കൾക്ക് നീതി ലഭിക്കുമോ എന്ന് സംശയിക്കുന്നതായും മരിച്ചവരുടെ കുടുംബം ആശങ്കയറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home