ad
Deshabhimani

print edition മരുന്നിന്‌ സമാനമായ വിലനിയന്ത്രണം മെഡിക്കൽ ഉപകരണങ്ങൾക്ക്‌ 
പാടില്ലെന്ന്‌ രാജ്യസഭാ സമിതി

medicine
വെബ് ഡെസ്ക്

Published on Mar 26, 2026, 02:23 AM | 1 min read

ന്യൂഡൽഹി: മരുന്നുകൾക്ക്‌ ഏർപ്പെടുത്തുന്ന വിലനിയന്ത്രണം അതേരീതിയിൽ മെഡിക്കൽ ഉപകരണങ്ങൾക്ക്‌ ബാധകമാക്കരുതെന്ന്‌ രാജ്യസഭയുടെ പെറ്റീഷൻസ്‌ കമ്മിറ്റി. സ്‌റ്റെന്റുകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങളുടെ അമിതവില നിയന്ത്രിക്കുന്നതിനായി കാര്യക്ഷമമായ സംവിധാനം കൊണ്ടുവരണമെന്ന പരാതി പരിഗണിച്ചുള്ള റിപ്പോർട്ടിലാണ്‌ ഇ‍ൗ നിലപാട്‌ സ്വീകരിച്ചത്‌.


ഇത്തരം നീക്കങ്ങൾ മേഖലയിലെ നിക്ഷേപവും ഉൽപ്പാദനവും ഇടിക്കും. അത്യാധുനിക ഉപകരണങ്ങൾ വിപണിയിൽനിന്ന്‌ പിൻവലിയും. മരുന്നുകളെയും ഉപകരണങ്ങളെയും വേർതിരിച്ച്‌ കണ്ട്‌ വ്യത്യസ്‌ത ചട്ടം കൊണ്ടുവരണം. വിവിധ മെഡിക്കൽ ഉപകരണങ്ങളെക്കുറിച്ച്‌ സർക്കാർ ബോധവൽകരണം നടത്തി വിലയും ലഭ്യതയും സംബന്ധിച്ച്‌ കൃത്യമായി പരസ്യപ്പെടുത്തണം.


മെഡിക്കൽ ഉപകരണ നിർമാണ മേഖലയിലെ ലൈസൻസിങ്‌ സംവിധാനം ലളിതമാക്കണം. ഇത്‌ വിദേശനിക്ഷേപത്തെ ആകർഷിക്കും നൂതന സാങ്കേതികവിദ്യ ഉറപ്പാക്കും. കർക്കശമായ ക്ലിനിക്കൽ പരീക്ഷണ ഉപാധികൾ മെഡിക്കൽഉപകരണ നിർമ്മാണ മേഖലയുടെ ചെലവ്‌ വർധിപ്പിക്കും. ക്ലിനിക്കൽ പരീക്ഷണ ചട്ടങ്ങൾ പുനഃപരിശോധിച്ച്‌ ആവശ്യമായ തിരുത്തലുകൾ വരുത്തണം.


സ്‌കാനിങ്‌ പോലുള്ള പരിശോധനാ സംവിധാനങ്ങളുടെ നിരക്കുനിർണയത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്‌ ഇടപെടാനാവുന്ന സാഹചര്യമൊരുക്കണം. സ്‌റ്റെന്റുകൾ പോലുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിലകൾ കുറയ്‌ക്കാൻ ഇടപ്പെട്ടതിന്‌ സമാനമായി ശസ്‌ത്രക്രിയാ നിരക്ക്‌ നിയന്ത്രിക്കാനുള്ള ഇടപെടലുമുണ്ടാകണം. അതേസമയം, പേസ്‌മേക്കർ, പ്രോസ്‌തറ്റിക്ക്‌ ഹാർട്ട്‌ വാൽവ്‌, പീക്‌ കേജ്‌ പോലുള്ള ഇംപ്ലാന്റുകൾ, അഡ്വാൻസ്‌ഡ്‌ സ്‌റ്റെന്റുകൾ, സി, ഡി വിഭാഗത്തിൽ വരുന്ന ഉപകരണങ്ങൾ എന്നിവയെകൂടി വിലനിയന്ത്രിത മെഡിക്കൽ ഉപകരണങ്ങളുടെ പട്ടികയിലേക്ക്‌ കൊണ്ടുവരണമെന്നും സമിതി നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home