print edition രാജ്യസഭാ തെരഞ്ഞെടുപ്പ്; അർധരാത്രിവരെ നീണ്ട ‘ഹരിയാന’ ത്രില്ലർ

സഞ്‌ജയ് ഭാട്ടിയ, കരംവീർ സിങ് ബൗദ്ധ്

സ്വന്തം ലേഖകൻ
Published on Mar 18, 2026, 01:00 AM | 1 min read
ന്യൂഡൽഹി : ഹരിയാനയിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അർധരാത്രി വരെ നീണ്ട ഉദ്വേഗഭരിതമായ വോട്ടെണ്ണലിന് ശേഷമാണ് ഒരു വോട്ടിന് കോൺഗ്രസ് സ്ഥാനാർഥി കടന്നുകൂടിയത്. രണ്ട് ഒഴിവുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഞ്‌ജയ് ഭാട്ടിയയും കോൺഗ്രസിന്റെ കരംവീർ സിങ് ബൗദ്ധുമായിരുന്നു സ്ഥാനാർഥികൾ. സ്വതന്ത്ര സ്ഥാനാർഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് നന്ദാലും എത്തിയതോടെ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങി.
39 ഒന്നാം വോട്ടോടെ ഭാട്ടിയ തുടക്കത്തിലേ ജയിച്ചു. ഒരു ബിജെപി എംഎൽഎയുടെ വോട്ട് അസാധുവായതോടെ രണ്ടാം സീറ്റിൽ ജയിക്കാൻ ആവശ്യമായ ഒന്നാം വോട്ടുകൾ 28 ലേക്ക് ചുരുങ്ങി. നന്ദാലിന്റെ ഒന്നാം വോട്ടുകൾ കോൺഗ്രസിന്റെ കുറുമാറ്റത്തോടെ 16 ലേക്ക് ഉയർന്നു. ഒപ്പം സഞ്‌ജയ് ഭാട്ടിയയുടെ 11 അധികവോട്ടുകൂടി ചേർന്നതോടെ 27 വോട്ടിലേക്ക് നന്ദാൽ എത്തി. എന്നാൽ കൂടുതൽ കൂറുമാറ്റം നടക്കാത്തതിനാൽ 28 ഒന്നാം വോട്ടോടെ കോൺഗ്രസിന്റെ കരംവീർ സിങ് കടന്നുകൂടി. ഒരു എംഎൽഎ കൂടി കൂറുമാറുകയോ ബിജെപിയുടെ ഒരു വോട്ട് അസാധുവാകാതെ നന്ദാലിന് തന്നെ ലഭിക്കുകയോ ചെയ്‌തിരുന്നെങ്കിൽ മത്സരഫലം മാറുമായിരുന്നു.
തൊണ്ണൂറ് അംഗ നിയമസഭയിൽ രണ്ട് എംഎൽഎമാരുള്ള ഐഎൻഎൽഡി തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ അംഗബലം 88 ആയി ചുരുങ്ങി. ഇതോടെ 31 ഒന്നാം വോട്ട് കിട്ടുന്നവർ ജയിക്കുമെന്ന സാഹചര്യമായി. മൂന്ന് സ്വതന്ത്രരടക്കം 51 എംഎൽഎമാരാണ് ബിജെപി സ്ഥാനാർഥികളെ പിന്തുണയ്‌ക്കാനുണ്ടായിരുന്നത്. അപ്പോഴും 37 എംഎൽഎമാരുള്ള കോൺഗ്രസിന് ജയം അനായാസമായിരുന്നു. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. നാല് കോൺഗ്രസ് വോട്ടുകൾ അസാധുവായി. അഞ്ച് കോൺഗ്രസ് അംഗങ്ങൾ കൂറുമാറി നന്ദാലിന് വോട്ടുചെയ്‌തു.









0 comments