print edition ഒഡിഷയില്‍ "വിസ്‌മയം' ഒരുക്കി കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Mar 18, 2026, 01:05 AM | 2 min read
ന്യൂഡൽഹി : ഒഡിഷയിൽ നാല് സീറ്റിൽ പ്രതിപക്ഷത്തിന് ഉറപ്പാക്കാമായിരുന്ന രണ്ട് സീറ്റിൽ ഒന്ന് ബിജെപിക്ക് കൊടുത്തതും കോൺഗ്രസ്– ബിജെഡി എംഎൽഎമാരുടെ കൂറുമാറ്റം. രണ്ട് സീറ്റിൽ ഭരണകക്ഷിയായ ബിജെപിയും ഒരു സീറ്റിൽ മുഖ്യപ്രതിപക്ഷമായ ബിജെഡിയും വിജയം ഉറപ്പിച്ചിരുന്നു. നാലാമത്തെ സീറ്റിൽ ബിജെഡിയും കോൺഗ്രസും സിപിഐ എമ്മും ഉൾപ്പെടുന്ന പ്രതിപക്ഷം കൂട്ടായി പൊതുസ്വതന്ത്രനായ ഡോ. ദത്തേശ്വർ ഹോട്ടയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുൻ ബിജെഡി നേതാവ് കൂടിയായ ദിലീപ് റേയെ സ്വതന്ത്രപരിവേഷത്തിൽ ബിജെപി രംഗത്തിറക്കി.
ബിജെഡി– 48, കോൺഗ്രസ്–14, സിപിഐ എം–1 എന്നിങ്ങനെ 63 വോട്ടായിരുന്നു പ്രതിപക്ഷത്ത്. ബിജെപിക്ക് മൂന്ന് സ്വതന്ത്രരുടെ പിന്തുണയടക്കം 82 വോട്ട്. 30 ഒന്നാം വോട്ടുകൾ നേടുന്നവർ ജയിക്കുന്ന സാഹചര്യത്തിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും രണ്ട് എംപിമാരെ വീതം കിട്ടേണ്ടിയിരുന്നു. രണ്ട് എംപിമാരെ ജയിപ്പിച്ചശേഷം ബിജെപിക്കുണ്ടായിരുന്നത് 22 അധികവോട്ടുകളാണ്.
ഒരാളെ ജയിപ്പിച്ചതിനുശേഷം ബിജെഡിക്കുണ്ടായിരുന്നത് 18 അധികവോട്ടുകളാണ്. ഇതിനൊപ്പം 14 കോൺഗ്രസ് വോട്ടും ഒരു സിപിഐ എം വോട്ടും ചേരുമ്പോൾ പ്രതിപക്ഷ സ്ഥാനാർഥിയായ ദത്തേശ്വർ ഹോട്ട അനായാസം ജയിക്കേണ്ടിയിരുന്നു. എന്നാൽ, സോഫിയ ഫിർദൗസ് അടക്കം മൂന്ന് കോൺഗ്രസ് എംഎൽഎമാരും എട്ട് ബിജെഡി എംഎൽഎമാരും കൂറുമാറിയതോടെ ബിജെപിയുടെ ദിലീപ് റേ ജയിച്ചു. കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരെ പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. രമേഷ് ജന, ദസരഥി ഗമാംഗോ എന്നിവരാണ് കൂറുമാറിയ മറ്റ് കോൺഗ്രസ് എംഎൽഎമാർ.
സന്ധിചെയ്യാത്തത് ഇടതുപക്ഷം മാത്രം
ന്യൂഡൽഹി : രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നപ്പോൾ വർഗീയ ഫാസിസത്തിനെതിരായ ഇടതുപക്ഷത്തിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് ഒരിക്കൽകൂടി ദേശീയതലത്തിൽ ചർച്ചയാകുന്നു. അസം, ഒഡിഷ, ബിഹാർ, തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലായി 11 എംഎൽഎമാരാണ് ഇടതുപക്ഷത്തിനുള്ളത്. ഇതിൽ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയ ബിഹാറിൽ മൂന്നും ഒഡിഷയിൽ ഒരു എംഎൽഎയുമാണ് ഇടതുപക്ഷത്തിനുള്ളത്.
കോൺഗ്രസ് എംഎൽഎമാരെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഒളിപ്പിച്ചപ്പോൾ ഇടതുപക്ഷ എംഎൽഎമാർ ബിജെപിയുടെ പരാജയം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങളിലായിരുന്നു. വോട്ടെടുപ്പ് ദിനം അവർ കൃത്യമായി ബിജെപിക്കെതിരായി വോട്ടുചെയ്‌തു. മറുവശത്ത് കോൺഗ്രസ് എംഎൽഎമാർ കൂട്ടമായി കൂറുമാറി ബിജെപിക്ക് വോട്ടുചെയ്തു. ‘എനിക്ക് പണം വാഗ്‌ദാനം ചെയ്യാൻ ആരും ധൈര്യപ്പെടില്ല .പാർടി തീരുമാനത്തിന് ഒപ്പമാണ് ഞാൻ. ദിലീപ് റായ് വിളിച്ചു, അപ്പോൾതന്നെ ഞാൻ അദ്ദേഹത്തെ പൂർണമായും തള്ളി’– ഒഡിഷയിലെ സിപിഐ എം എംഎൽഎ ലക്ഷ്‌മൺ മുണ്ഡ പറഞ്ഞു.









0 comments