'ഉമർ ഖാലിദിന് ജാമ്യമില്ല, ബലാത്സംഗക്കേസിലെ കുറ്റവാളിക്ക് 14 തവണ പരോൾ'; വിമർശനവുമായി രാജ്ദീപ് സർദേശായി

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിച്ച സുപ്രീംകോടതി വിധിക്കെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി. അഞ്ച് വർഷത്തിലേറെയായി വിചാരണ പോലും ആരംഭിക്കാത്ത കേസിൽ ഉമർ ഖാലിദിന് ജാമ്യം നിഷേധിക്കുകയും ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ഗുർമീത് റാമിന് 14 തവണ ജാമ്യം നൽകുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെന്നും രാജ്ദീപ് സർദേശായ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
'ഉമർ ഖാലിദിന് ജാമ്യമില്ലെന്ന് സുപ്രീം കോടതി.. യുഎപിഎ (UAPA) ചുമത്തപ്പെട്ടാൽ വ്യക്തിസ്വാതന്ത്ര്യമില്ല: അഞ്ച് വർഷത്തിലേറെയായിട്ടും വിചാരണ പോലും തുടങ്ങിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെയാണിത്. അതേസമയം, കൊലപാതകവും ബലാത്സംഗവും ചെയ്ത കുറ്റവാളി രാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നു. 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം 14 തവണയാണ് ഈ വിഐപി കുറ്റവാളി പുറത്തിറങ്ങിയത്. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ!'- രാജ്ദീപ് സർദേശായ് എക്‌സിൽ കുറിച്ചു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യുഎപിഎ ചുമത്തിയാണ് വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദും ഷർജീൽ ഇമാമും അടക്കമുള്ള ഒമ്പത് പേർ അറസ്റ്റിലായത്. ഡിസംബർ 10-ന് വാദം പൂർത്തിയായതിനെ തുടർന്നാണ് കേസ് വിധി പറയാനായി മാറ്റിയത്.









0 comments