ad
Deshabhimani

രാജസ്ഥാനിൽ വീണ്ടും മാതൃമരണം; മൂന്ന് മാസത്തിനിടെ മരണം 19

deadbody
വെബ് ഡെസ്ക്

Published on Jul 15, 2026, 11:00 AM | 1 min read

ജയ്പുർ: രാജസ്ഥാനിൽ സിസേറിയന് പിന്നാലെ ആരോഗ്യനില മോശമായ 25കാരി മരിച്ചു. ബിക്കാനേറിലെ പിബിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്ന കമല മേഘ്‌വാളാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത മാതൃമരണങ്ങളുടെ എണ്ണം 19 ആയി.


കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോട്ടയിൽ അഞ്ച്, ബിക്കാനേറിൽ മൂന്ന്, ജോധ്പുരിൽ രണ്ട്, ഭിൽവാരയിലും ബൻസ്വാരയിലുമായി ഒമ്പത് മാതൃമരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.


ജൂൺ എട്ടിനാണ് കമലയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അന്നുതന്നെ സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകി. തുടക്കത്തിൽ അമ്മയും കുഞ്ഞും ആരോഗ്യവതികളായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


പ്രമേഹബാധിതയായിരുന്ന കമലയുടെ മൂന്നാമത്തെ പ്രസവമായിരുന്നു ഇത്. മുമ്പത്തെ രണ്ട് പ്രസവങ്ങളും സിസേറിയനായതിനാലാണ് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയയ്ക്കിടെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.


എന്നാൽ പിറ്റേന്ന് ആരോഗ്യനില മോശമാവുകയും മൂത്രം നിലയ്ക്കുകയും ചെയ്തതോടെ ഡയാലിസിസ് ആരംഭിച്ചു. പിന്നീട് ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും മോശമായി. സിസേറിയൻ മുറിവുമായി ബന്ധപ്പെട്ട് മറ്റൊരു ശസ്ത്രക്രിയയും നടത്തി. ഒന്നിലധികം അവയവങ്ങളുടെ പ്രവർത്തനം നിലച്ചതോടെയാണ് മരണം. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്.


സമാനമായ പ്രസവാനന്തര പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ ഇതേ ആശുപത്രിയിൽ രണ്ട് സ്ത്രീകൾ കൂടി മരിച്ചിരുന്നു. ജൂൺ 19ന് 20കാരിയായ പ്രീതിയും രണ്ട് ദിവസത്തിനുശേഷം 26കാരിയായ ശാർദയുമാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം 24 മണിക്കൂറിനുള്ളിൽ മൂത്രം നിലച്ചതായി മൂന്നുപേരുടെയും കേസിൽ റിപ്പോർട്ട് ചെയ്തിരുന്നു.


പിബിഎം ആശുപത്രിയിൽ പ്രസവത്തിനുശേഷം ആറു സ്ത്രീകളുടെ ആരോഗ്യനില മോശമായിരുന്നു. ഇവരിൽ മൂന്നുപേർ മരിച്ചു. മറ്റു മൂന്നുപേരെ ചികിത്സയ്ക്കുശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home