"ഒന്നുകിൽ എല്ലാവർക്കും ഉണ്ടാകും, അല്ലെങ്കിൽ ആർക്കും ഉണ്ടാകില്ല" എല്ലാ എണ്ണ കയറ്റുമതിയും തടയുമെന്ന് ഇറാൻ

ദുബായ്: യു എസ് സൈന്യം ഇറാനിയൻ തുറമുഖങ്ങൾക്ക് മേൽ വീണ്ടും ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് പശ്ചിമേഷ്യൻ പ്രതിസന്ധി കനത്തു. ചർച്ചകൾ വഴിമുട്ടുകയും ബുധനാഴ്ച പുലർച്ചെയോടെ യു എസ് ഉപരോധം പിന്നെയും കർശനമാക്കുകയും ചെയ്തു. ഉപരോധത്തിന് മറുപടിയായി മധ്യപൂർവേഷ്യയിൽ നിന്നുള്ള എല്ലാ ഊർജ്ജ കയറ്റുമതിയും തടയുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് പ്രഖ്യാപിച്ചു. "മേഖലയിൽ നിന്നുള്ള എണ്ണ-വാതക കയറ്റുമതി ഒന്നുകിൽ എല്ലാവർക്കും ഉണ്ടാകും, അല്ലെങ്കിൽ ആർക്കും ഉണ്ടാകില്ല," എന്ന് ഇറാൻ വ്യക്തമാക്കി.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് യു എസ് കരാര്‍ ലംഘനം തുടങ്ങിയത്. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മറുപടിയായാണ് ഇറാൻ ആക്രമണം നടത്തിയത്. ഇതോടെ യുദ്ധം അവസാനിപ്പിക്കാനായി ഉണ്ടാക്കിയ താൽക്കാലിക കരാർ പൂർണ്ണമായും തകരുകയും യുഎസ് സേനയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ അഴിച്ചുവിടുകയും ചെയ്തു.
ഏപ്രിൽ പകുതിയോടെ യു എസ് ഏർപ്പെടുത്തിയ ഉപരോധം കരാറിന് പിന്നാലെ പിൻവലിച്ചിരുന്നു. താൽക്കാലിക സമാധാന കരാറിനെ തുടർന്ന് ജൂൺ പകുതിയോടെയാണ് ഉപരോധം പിൻവലിച്ചത്. എന്നാൽ ചർച്ചകൾ വഴിമുട്ടിയതോടെ ഉപരോധം വീണ്ടും കർശനമാക്കുകയും ലോകത്തെ വീണ്ടും യുദ്ധത്തിന്റെ കെടുതികളിലേക്ക് തുറന്നിടുകയും ചെ്യ്തിരിക്കുന്നു.
ഉപരോധം പുനഃസ്ഥാപിച്ചതിന് പിന്നാലെ ഇറാനിലെ ഡസൻ കണക്കിന് ലക്ഷ്യങ്ങൾക്ക് നേരെ യുഎസ് സൈന്യം ഏഴ് മണിക്കൂറോളം നീണ്ട ശക്തമായ ആക്രമണം നടത്തി. ബഹ്‌റൈൻ, കുവൈറ്റ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇറാൻ തൊടുത്തുവിട്ട മൂന്ന് മിസൈലുകൾ വെടിവെച്ചിട്ടതായി ജോർദാൻ അറിയിച്ചു. കുവൈറ്റിലുണ്ടായ ആക്രമണത്തിൽ നാല് നാവികസേനാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
സംഘര്‍ഷങ്ങൾക്കിടെ ട്രംപിന്റെ
പുതിയ കച്ചവട തന്ത്രം
ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം ഫീസ് ഈടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഗൾഫ് സഖ്യകക്ഷികളുടെ അഭ്യർത്ഥനയെ തുടർന്ന് മണിക്കൂറുകൾക്കകം ട്രംപ് ഈ തീരുമാനം മാറ്റി.
കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തുന്നതിന് പകരം, ഗൾഫ് മേഖലയിലെ "രാജാക്കന്മാരും അമീർമാരും" അമേരിക്കയിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം നടത്താമെന്ന് ഉറപ്പുനൽകിയതായി ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് വെളിപ്പെടുത്തി. ചർച്ചകൾ പുനരാരംഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാന്റെ പാലങ്ങളും പവർ പ്ലാന്റുകളും ലക്ഷ്യമിട്ട് കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
തകർച്ചയുടെ വക്കിൽ താൽക്കാലിക കരാർ
ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചിട്ടിരുന്നു. ഇത് ആഗോളതലത്തിൽ എണ്ണ, വളം തുടങ്ങിയ സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായി. 60 ദിവസത്തെ താൽക്കാലിക കരാർ പ്രകാരം കടലിടുക്കിലൂടെയുള്ള ഗതാഗതം സൗജന്യമായിരിക്കുമെന്ന് ഇറാൻ സമ്മതിച്ചിരുന്നെങ്കിലും അതിനുശേഷമുള്ള കാര്യങ്ങളിൽ തർക്കം നിലനിന്നിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ട്രംപ് വീണ്ടും മേധാവിത്ത തന്ത്രങ്ങൾ പ്രയോഗിച്ചു.
നിലവിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 78 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യു എസിനെയും ഇറാനെയും വീണ്ടും ചർച്ചാ മേശയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് പ്രാദേശിക മധ്യസ്ഥർ.











0 comments