വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റം; വാർത്ത ആദ്യം വന്നത് മാതൃഭൂമിയിലല്ലേയെന്ന് ചോദ്യം: ഉത്തരംമുട്ടി സതീശൻ, മറുപടി നൽകാതെ ഒഴിഞ്ഞുമാറി

തിരുവനന്തപുരം : വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തെപ്പറ്റി മാതൃഭൂമിയിലും ഇക്കണോമിക്സ് ടൈംസിലും വന്ന വാർത്തയെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി ഡി സതീശൻ. വിഴിഞ്ഞത്തെ ഓഹരിക്കൈമാറ്റത്തെപ്പറ്റി ആദ്യം വാർത്ത വന്നത് ദേശാഭിമാനിയിലാണെന്ന് സതീശൻ കഴിഞ്ഞ പത്രസമ്മേളനത്തിൽ വ്യാജ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കണോമിക്സ ടൈംസിലും മാതൃഭൂമിയിലുമാണ് ആദ്യം വാർത്ത വന്നത്. ഇതിനെപ്പറ്റി ചോദിച്ചപ്പോൾ ഉത്തരം പറയാതെ മലക്കംമറിയുകയായിരുന്നു സതീശൻ. വീണ്ടും ചോദിച്ചപ്പോൾ ദേഷ്യപ്പെടുകയും ചെയ്തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ദേശാഭിമാനിയെ പഴിചാരി രക്ഷപ്പെടാനായിരുന്നു കഴിഞ്ഞ വാർത്താസമ്മേളനത്തിൽ സതീശന്റെ ശ്രമം. നിലവിൽ ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്ന് പറഞ്ഞ സതീശൻ, ജൂൺ അഞ്ചിലെ ദേശാഭിമാനി പത്രത്തിലെ വാർത്ത ചൂണ്ടിക്കാട്ടിയാണ് ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ഓഹരിക്കൈമാറ്റം സംബന്ധിച്ച് ആദ്യം വാർത്തനൽകിയത് ദേശാഭിമാനിയാണെന്നും ഇതെങ്ങനെ കിട്ടിയെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ സതീശന്റെ ചോദ്യം.
മുൻ എൽഡിഎഫ് സർക്കാരാണ് ദേശാഭിമാനിയുടെ "ഉറവിടം’ എന്നും ആരോപിച്ചു. എന്നാൽ വാർത്താസമ്മേളനം കഴിഞ്ഞ് മിനിറ്റുകൾക്കകം സതീശൻ പറഞ്ഞതൊക്കെ വസ്‌തുതാവിരുദ്ധമെന്ന് തെളിഞ്ഞു. ഓഹരിക്കൈമാറ്റ ചർച്ച നടക്കുന്നതായി ആദ്യം വാർത്ത നൽകിയത് ജൂൺ ഒന്നിന് ഇക്കണോമിക് ടൈംസ് ആണ്. "വിഴിഞ്ഞം തുറമുഖ കമ്പനിയിയുടെ ഓഹരി എംഎസ്‍സിക്ക് വിൽക്കാൻ ചർച്ച' എന്നായിരുന്നു തലക്കെട്ട്.
പിന്നാലെ ജൂൺ മൂന്നിന് "അദാനി കമ്പനിയിൽ എംഎസ്‍സിക്ക് ഓഹരിപങ്കാളിത്തം പരിഗണയിൽ' എന്ന തലക്കെട്ടിൽ മാതൃഭൂമി വാർത്ത വന്നു. തുറമുഖ നടത്തിപ്പിൽ എംഎസ്‍സിക്ക് ഓഹരി പങ്കാളിത്തം നൽകിയുള്ള സഹകരണമാണ് അദാനി കമ്പനി ലക്ഷ്യമിടുന്നതെന്നും ഇരു കമ്പനിയും ചർച്ച തുടങ്ങിയതായാണ് സൂചനയെന്നും മാതൃഭൂമി റിപ്പോർട്ട്‌ചെയ്‌തു. ജൂൺ അഞ്ചിനായിരുന്നു ദേശാഭിമാനി വാർത്ത. ഓഹരിക്കൈമാറ്റം നടക്കണമെങ്കിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അനുമതി വേണമെന്ന് ദേശാഭിമാനി കൃത്യമായി പറയുന്നുണ്ട്. മാതൃഭൂമിയുടെയും ഇക്കണോമിക് ടൈംസിന്റെയും വാർത്ത മറച്ചുവച്ചാണ് ദേശാഭിമാനിയുടെ പേരുപറഞ്ഞ് മുൻ എൽഡിഎഫ് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ സതീശൻ ശ്രമിച്ചത്.










0 comments