റഷ്യൻ എണ്ണക്കെതിരെ ട്രംപ് പ്രഖ്യാപിച്ച പ്രതികാര നികുതി 500 ശതമാനത്തിൽ നിന്നും 100 ആക്കി കുറച്ചു

വാഷിങ്ടൺ: പശ്ചിമേഷ്യൻ കരാര്‍ പാതിവഴി പ്രതിസന്ധിയിലാവുകയും എണ്ണ നീക്കത്തിൽ പുതിയ അനിശ്ചിതത്വം ഉടലെടുക്കുകയും ചെയ്തതോടെ റഷ്യൻ എണ്ണയെ ആശ്രയിച്ചിരുന്ന രാജ്യങ്ങൾക്ക് മേൽ പ്രഖ്യാപിച്ച അധിക പ്രതികാര നികുതിയിൽ കുത്തനെ ഇളവ് വരുത്തി യു എസ്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് മേൽ 500% എന്ന ഭീമമായ നികുതി ചുമത്താനായിരുന്നു യു എസ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഹോര്‍മുസ് കടലിടുക്ക് വീണ്ടും സംഘര്‍ഷ ഭരിതമാവുകയും രാജ്യങ്ങൾ ഇന്ധന ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ തീരുമാനം മാറ്റി. യു എസ് സെനറ്റ് അവതരിപ്പിച്ച പരിഷ്കരിച്ച പുതിയ ഉഭയകക്ഷി ബില്ലിൽ ഈ നികുതി ഭീഷണി പരമാവധി 100% ആയി കുറച്ചു. ഇത് കുത്തനെ വര്‍ധിക്കുന്ന എണ്ണ വിലയിൽ വലിയ ആശ്വാസമാണ് നൽകുന്നത്.
അമിതമായ നികുതി ചുമത്തുന്നത് ഇന്ത്യയെപ്പോലുള്ള തന്ത്രപ്രധാന പങ്കാളികളുമായുള്ള ഉഭയകക്ഷി ബന്ധത്തെയും ആഗോള എണ്ണ വിപണിയെയും ബാധിക്കുമെന്ന ആശങ്ക യുഎസ് ജനപ്രതിനിധികൾ പ്രകടിപ്പിച്ചിരുന്നു. ഇതോടെ ഭേദഗതി ചെയ്ത ബില്ലിൽ ഈ നികുതികൾ പൂർണ്ണമായും ഒഴിവാക്കാനുള്ള അധികാരവും പ്രസിഡന്റിന് നൽകുന്നുണ്ട്.
റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന പ്രധാന 5 രാജ്യങ്ങൾ ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബൈജാൻ എന്നിവയാണ്. ഇവയെ ലക്ഷ്യമിട്ടാണ് പരമാവധി 100% വരെയുള്ള ഈ പുതിയ നികുതി വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഇപ്പോഴും ചര്‍ച്ചകളിലാണ്. ഇന്ത്യൻ വിപണി തുറന്നു നൽകുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ സമ്മതിച്ച സാഹചര്യമാണ്.
ഈ നികുതി ഇന്ത്യയിലോ അല്ലെങ്കിൽ റഷ്യയിൽ നിന്നോ അല്ല യുഎസ് പിരിക്കുന്നത്. പകരം അമേരിക്കൻ വിപണിയിലേക്ക് കയറ്റി അയക്കുന്ന ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലാണ് ഈ നികുതി ചുമത്തുന്നത്. അമേരിക്കൻ അതിർത്തിയിലെത്തുന്ന ചരക്കുകളിൽ നിന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആണ് ഈ നികുതി പിരിക്കുക. എത്ര ശതമാനം നികുതി വേണമെന്ന് തീരുമാനിക്കുന്നത് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ആയിരിക്കും. ഇന്ത്യയിൽ വന്ന് നികുതി പിരിക്കാൻ അമേരിക്കയ്ക്ക് കഴിയില്ല. എന്നാൽ അമേരിക്കയിലേക്ക് ഇന്ത്യ കയറ്റി അയക്കുന്ന സാധനങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്തിക്കൊണ്ട്, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യയെ നിർബന്ധിതമാക്കുകയായിരുന്നു ഈ നിയമത്തിന്റെ ലക്ഷ്യം.










0 comments