സോനം വാങ്ചുക്കിന് പിന്തുണയറിയിച്ച് നടന്‍ അഭയ് ഡിയോൾ

ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന് പിന്തുണയറിയിച്ച് നടൻ അഭയ് ഡിയോൾ. സമരവേദിയിൽനിന്നുള്ള വാങ്ചുക്കിന്റെ ചിത്രം ഹൃദയം തകർന്ന ഇമോജിക്കൊപ്പം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് അഭയ് പിന്തുണ അറിയിച്ചത്.
വാങ്ചുക്കിന്റെ നിരാഹാര സമരം 17ാം ദിവസത്തിലെത്തുകയും ആരോഗ്യനിലയിൽ ആശങ്ക ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടന്റെ പ്രതികരണം. ഇന്നേക്ക് 18 ദിവസമാകുന്നു വാങ്ചുക് സമരം ആരംഭിച്ചിട്ട്. ചിത്രത്തിനൊപ്പം മറ്റൊരു കുറിപ്പും അഭയ് നൽകിയിട്ടില്ല.
അഭയ് ഡിയോളിന്റെ പോസ്റ്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. “ശബ്ദമുയർത്തിയതിന് നന്ദി”, “ഒടുവിൽ താരങ്ങൾ സംസാരിച്ചുതുടങ്ങി”, “ബോളിവുഡിൽ നിലപാട് പറയാൻ ധൈര്യമുള്ള ചുരുക്കം ചിലരിൽ ഒരാൾ” എന്നിങ്ങനെയാണ് പ്രധാന പ്രതികരണങ്ങൾ. സമൂഹമാധ്യമ പോസ്റ്റിൽ ഒതുങ്ങാതെ സമരവേദിയിലേക്കും എത്തണമെന്ന ആവശ്യവും ചിലർ ഉയർത്തിയിട്ടുണ്ട്.
നടന്‍ പ്രകാശ് രാജ് ആദ്യം തൊട്ടേ സമരത്തിനും വാങ്ചുക്കിനും പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പ്രകാശ് രാജ് ജന്തർ മന്തറിലെ സമരവേദിയിലെത്തി പിന്തുണ അറിയിക്കുകയും ജൂലൈ 20ലെ പാർലമെന്റ് മാർച്ചിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നടി സീനത്ത് അമനും വാങ്ചുക്കിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുകയാണെന്നും സമാധാനപരമായ സമരത്തോട് കേന്ദ്ര സർക്കാർ ചർച്ചയിലൂടെ പ്രതികരിക്കണമെന്നും സീനത്ത് അമൻ ആവശ്യപ്പെട്ടു.
ഓമി വൈദ്യ, ശ്രേയ ധന്വന്തരി, നസീറുദ്ദീൻ ഷാ, രത്ന പാഠക് ഷാ എന്നിവരും വാങ്ചുക്കിനും സമരാവശ്യങ്ങൾക്കും പിന്തുണ അറിയിച്ചിരുന്നു.
നിരാഹാരം ആരംഭിച്ചതിന് ശേഷം വാങ്ചുക്കിന്റെ ഭാരം ഒമ്പത് കിലോയോളം കുറഞ്ഞതായാണ് സിജെപി അറിയിച്ചത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.
ജൂൺ 20നാണ് സിജെപി ജന്തർ മന്തറിൽ പ്രതിഷേധം ആരംഭിച്ചത്. ജൂൺ 28ന് വാങ്ചുക്ക് നിരാഹാര സമരത്തിൽ ചേർന്നു. ജൂലൈ 20ന് പാർലമെന്റിലേക്ക് സമാധാനപരമായ മാർച്ച് നടത്തുമെന്നും സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.











0 comments