രാജസ്ഥാനിൽ ജോലി തട്ടിപ്പ്: കായിക ക്വാട്ടയിൽ അധ്യാപക ജോലി നേടിയ 20 പേർ അറസ്റ്റിൽ

ജയ്പൂർ: വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് കായിക ക്വാട്ടയിൽ അധ്യാപക ജോലി തട്ടിയെടുത്ത 20 പേരെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 19 പേരും 2022-ലെ തേർഡ് ഗ്രേഡ് ടീച്ചർ റിക്രൂട്ട്‌മെന്റിലൂടെ നിയമനം ലഭിച്ചവരാണ്.
രാജസ്ഥാൻ പൊലീസിലെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. വ്യാജ തായ്‌കൊണ്ടോ സർട്ടിഫിക്കറ്റുകളും വെരിഫിക്കേഷൻ റിപ്പോർട്ടുകളുമാണ് ഇവർ ജോലി ലഭിക്കാനായി ഹാജരാക്കിയത്.
വിദ്യാഭ്യാസ വകുപ്പിലേക്ക് അയച്ച വെരിഫിക്കേഷൻ ഇമെയിലിലെ അക്ഷരത്തെറ്റാണ് തട്ടിപ്പ് കണ്ടെത്താൻ സഹായിച്ചത്. ഇമെയിലിൽ 'സെക്രട്ടറി' എന്ന വാക്കിന്റെ സ്പെല്ലിംഗ് തെറ്റായി രേഖപ്പെടുത്തിയത് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഈ ഇമെയിൽ ദുബായിൽ നിന്ന് അയച്ചതാണെന്നും തായ്‌കൊണ്ടോ ഫെഡറേഷനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
വിമലേന്ദു കുമാർ ഝാ എന്നയാളാണ് ഈ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കിയതെന്നും തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെയും കൂട്ടുപ്രതികളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
രാജസ്ഥാനിലെ 14 ജില്ലകളിലും ഹരിയാനയിലെ ഒരു കേന്ദ്രത്തിലുമായി നടത്തിയ റെയ്ഡിലാണ് ഇപ്പോൾ ഉദ്യോഗാർത്ഥികൾ പിടിയിലായത്. ഇടനിലക്കാർക്ക് ലക്ഷങ്ങൾ നൽകിയാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.










0 comments