ക്ലാസ് മുറികൾ പശുത്തൊഴുത്തിൽ: പഠിക്കാൻ സ്കൂളുമില്ല, കെട്ടിടങ്ങളുമില്ല; രാജസ്ഥാനിൽ അടിസ്ഥാനസൗകര്യം തകർച്ചയിൽ

പശുത്തൊഴുത്ത് അടിച്ചുവാരി ക്ലാസ് മുറി തയ്യാറാക്കുന്ന പെൺകുട്ടി Image Courtesy : NDTV
ജയ്പൂർ: ജീർണിച്ച സ്കൂൾ കെട്ടിടങ്ങൾ കാരണം പഠിക്കാൻ നിർബന്ധിതരായി വിദ്യാർഥികൾ. രാജസ്ഥാനിലാണ് വിചിത്ര സംഭവം. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് അപകടാവസ്ഥയിലായ കെട്ടിടങ്ങൾ അടച്ചുപൂട്ടിയെങ്കിലും, വിദ്യാർഥികൾക്ക് ബദൽ സംവിധാനമൊരുക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
തുടർന്ന് വിദ്യാർഥികൾ പശുത്തൊഴുത്തിലിരുന്ന് പഠിക്കാൻ നിർബന്ധിതരാവുകയായിരുന്നു. സ്കൂൾ കെട്ടിടം തകർച്ച ഭീഷണിയിലായതിനെ തുടർന്ന് അധ്യാപകർ കണ്ടെത്തിയ താത്കാലിക സംവിധാനമാണിത്. രാവിലെ 6.45ന് പുസ്തകസഞ്ചിയുമായി എത്തുന്ന കൊച്ചുകുട്ടികൾ മൺമുറ്റം അടിച്ചുവാരുകയും പായ വിരിച്ച് ബ്ലാക്ക് ബോർഡ് സ്ഥാപിക്കുകയും ചെയ്താണ് എല്ലാ ദിവസവും അവരുടെ 'ക്ലാസ് മുറി' തയ്യാറാക്കുന്നത്.
ഈ താത്കാലിക ക്ലാസ് മുറിയിൽ കുടിവെള്ളമോ ശൗചാലയങ്ങളോ ഇല്ല. പെൺകുട്ടികളും അധ്യാപികയും പ്രാഥമിക ആവശ്യങ്ങൾക്ക് സമീപത്തെ ഗ്രാമവാസികളെയാണ് ആശ്രയിക്കുന്നത്. ലാൽചന്ദ് എന്ന ഗ്രാമവാസി സൗജന്യമായി വിട്ടുനൽകിയതാണ് ഈ സ്ഥലം. എന്നാൽ ഇവിടെനിന്നും ഇവർ ഉടൻ ഒഴിയേണ്ട സാഹചര്യമാണ്.
കഴിഞ്ഞ വർഷം ഝാലവാറിലെ പിപലോഡിയിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണ് ഏഴ് കുട്ടികൾ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ ക്ലാസുകൾ നടത്തരുതെന്ന് ഹൈക്കോടതി സ്വമേധയാ ഉത്തരവിട്ടത്.
വിദ്യാഭ്യാസ വകുപ്പിന്റെ സമീപകാല സർവേ പ്രകാരം സംസ്ഥാനത്തെ സ്കൂളുകളുടെ സ്ഥിതി ഭീതിജനകമാണ്. ആകെ സ്കൂളുകൾ 63,018 ആണെന്നിരിക്കേ 5,667 കെട്ടിടങ്ങൾ തകർച്ച ഭീഷണിയിലുള്ളതാണ്. അവയിൽ 1,579 എണ്ണം തികച്ചും അപകടകരമാണ്. മോശം അവസ്ഥയിലുള്ള ക്ലാസ് മുറികളുടെ എണ്ണം 86,934 ആണ്. ഏറ്റവും കൂടുതൽ അപകടകരമായ കെട്ടിടങ്ങളുള്ള ജില്ലകൾ ബൻസ്വാറ (605), ഉദയ്പൂർ (563), ജയ്പൂർ (185) എന്നിവയാണ്.
സ്കൂൾ കെട്ടിടങ്ങൾ നന്നാക്കാൻ 12,335 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 5 വർഷത്തെ പദ്ധതി സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 3,587 തകർന്ന സ്കൂളുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ 2,487 കോടി രൂപയും, 22,589 കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് 1,129 കോടി രൂപയും, 83,783 പുതിയ ക്ലാസ് മുറികൾക്ക് 8,378 കോടി രൂപയും പദ്ധതിയിൽ വകയിരുത്തുന്നു. എന്നാൽ ഇതിനുള്ള ഫണ്ട് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി.
സ്കൂളുകളുടെ ദാരുണാവസ്ഥ പുറത്തറിയാതിരിക്കാൻ ക്യാമറകൾക്കും പുറത്തുനിന്നുള്ളവർക്കും വിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തിയതായി ആരോപണമുണ്ട്. എന്നാൽ വിമർശനങ്ങളോട് പ്രതികരിക്കാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ തയ്യാറായില്ല. ഓരോ വകുപ്പിനും അതിന്റേതായ നിയമങ്ങളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ഹ്രസ്വമായ മറുപടി.










0 comments