രാജസ്ഥാനിക്ക് പകരം ഹിന്ദി: യുപി മോഡലിൽ വിദ്യാലയങ്ങളിൽ പത്രവായന നിർബന്ധമാക്കി രാജസ്ഥാനും

ഉത്തർപ്രദേശ് മോഡലിൽ രാജസ്ഥാനിലും വിദ്യാലയങ്ങളിൽ പത്രവായന നിർബന്ധമാക്കി ഉത്തരവ് പുറപ്പെടുവിച്ചു. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ രണ്ട് പത്രങ്ങൾ വാങ്ങിക്കുകയും അസംബ്ലിയിൽ വായിക്കയും ചെയ്യണം എന്നാണ് ഉത്തരവ്. പ്രാദേശിക ഭാഷാ പത്രങ്ങൾ ലിസ്റ്റിൽ ഇല്ല.
സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെതാണ് നിർദ്ദേശം. ഇതു പ്രകാരം സർക്കാർ സീനിയർ സെക്കൻഡറി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും കുറഞ്ഞത് രണ്ട് പത്രങ്ങൾ വരുത്തണം. ഒരു ഹിന്ദിയും ഒരു ഇംഗ്ലീഷും എന്ന് ഭാഷാ നിർദ്ദേശവും ചെയ്യുന്നു. സർക്കാർ അപ്പർ പ്രൈമറി സ്കൂളുകൾ കുറഞ്ഞത് രണ്ട് ഹിന്ദി പത്രങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും നിർദ്ദേശിക്കുന്നു.
മേവാരി, മാർവാരി, ദുന്ധാരി, ഭിലി എന്നിവയുൾപ്പെടെ 23 ഭാഷകൾ സംസാരിക്കപ്പെടുന്ന സംസ്ഥനമാണ് രാജസ്ഥാൻ. ഔദ്യോഗിക ഭാഷയായി സ്വീകരിച്ചിരിക്കുന്നത് ഹിന്ദിയാണ്. പഠന മാധ്യമം ഹിന്ദിക്ക് പകരം രാജസ്ഥാനിയാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. മൂന്നു കോടിയിലധികം ജനങ്ങൾ രാജസ്ഥാനി സംസാരിക്കുന്നു.
ഭാഷാ വൈദഗ്ദ്ധ്യം ശക്തിപ്പെടുത്തുന്നതിനായി എല്ലാ ദിവസവും പത്രങ്ങളിൽ നിന്ന് അഞ്ച് പുതിയ വാക്കുകൾ തിരിച്ചറിയാനും അവയുടെ അർത്ഥങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിക്കാനും സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം രാവിലെ അസംബ്ലികളിൽ ഇംഗ്ലീഷിലുള്ള ഒരു പത്രവും ഹിന്ദിയിലുള്ള ഒരു പത്രവും ഉറക്കെ വായിക്കും.










0 comments