തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തകര്‍ക്കപ്പെട്ടു, നടന്നത് ജനാധിപത്യ ധ്വംസനം : പിണറായി വിജയൻ

തിരുവനന്തപുരം : ജനാധിപത്യ സംവിധാനത്തിൽ കൃത്രിമം കാണിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത പൂർണമായും തകർക്കപ്പെടുന്ന വാർത്തകളാണ് പുറത്തുവരുന്നതെന്നും ഭരണഘടനയെ സംരക്ഷിക്കുന്നതിനായി സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം വലിയ ഭീഷണി നേരിടുകയാണെന്നും ഇലക്ഷൻ കമീഷനിൽ നടന്ന കൃത്രിമത്വം ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമീഷനിലെ മറ്റ് രണ്ട് അംഗങ്ങൾ രേഖപ്പെടുത്തിയ നിയമപരമായ അഭിപ്രായങ്ങൾ പോലും തള്ളിക്കളഞ്ഞുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ നടത്തുന്ന ഏകാധിപത്യപരമായ ഇടപെടലുകൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. തെരഞ്ഞെടുപ്പ് കമീഷന്റെ കൂട്ടുത്തരവാദിത്തം പൂർണ്ണമായും ഇല്ലാതാക്കിയ ഗ്യാനേഷ് കുമാർ ഭരണകക്ഷിക്ക് അനുകൂലമായി കമീഷനെ ചലിപ്പിക്കാനും അധികാരം അട്ടിമറിക്കാനും ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'എസ്ഐആർ, എസ്എസ്ആർ തുടങ്ങിയ വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയകളിൽ സുതാര്യതയില്ലാത്ത തീരുമാനങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്. മാത്രമല്ല, ഈ കൃത്രിമങ്ങൾക്കെല്ലാം ഇലക്ഷൻ കമീഷൻ ആസ്ഥാനത്ത് നിന്നുതന്നെയാണ് നേതൃത്വം നൽകിയത് എന്ന മാധ്യമ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണ്.
ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ഈ ഗൂഢാലോചന, ഭരണഘടന ഉറപ്പുനൽകുന്ന സാർവത്രിക പ്രായപൂർത്തി വോട്ടവകാശം എന്ന അടിസ്ഥാന അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ഈ ഗുരുതരമായ സാഹചര്യത്തിൽ നമുക്ക് മൗനം പാലിക്കാനാകില്ല. ഈ ജനാധിപത്യ ധ്വംസനത്തിനെതിരെ രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. ഭരണകക്ഷിക്ക് അനുകൂലമായി ജനാധിപത്യ സംവിധാനത്തിൽ കൃത്രിമം കാണിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടനടി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണം. സുതാര്യമല്ലാത്ത വോട്ടർപട്ടിക പുനഃപരിശോധനാ പ്രക്രിയകൾ അടിയന്തരമായി നിർത്തിവെച്ച്, പട്ടികയിൽ നിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കാൻ തയ്യാറാകണം,' പിണറായി വിജയൻ കുറിച്ചു.
ഏകാധിപത്യ പ്രവണതകൾക്കെതിരെ ഒരുമിച്ച് ശബ്ദമുയർത്തണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. 'നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നാം ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ട്. സെപ്തംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുന്നു. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിനായി ഈ ഏകാധിപത്യ പ്രവണതകൾക്കെതിരെ നമുക്ക് ഒരുമിച്ച് ശബ്ദമുയർത്താം', പിണറായി വിജയൻ പറഞ്ഞു.









0 comments