ad
Deshabhimani

രാജധാനി എക്സ്പ്രസിലെ തീപിടുത്തം

കോച്ചിൽ നിറയെ പുക, സമീപത്ത് കരയുന്ന കുട്ടിയും, അതിനെയുമെടുത്ത് ചാടിയിറങ്ങി; മലയാളി സൈനികന്റെ അനുഭവം

rajdhani express

രാജധാനി എക്സ്പ്രസ് കോച്ചിന് തീപിടിച്ചപ്പോള്‍ (Photo: PTI)

വെബ് ഡെസ്ക്

Published on May 18, 2026, 12:57 PM | 1 min read

ന്യൂഡൽഹി: ‘കുട്ടികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നത്, കോച്ചിലാകെ പുക. ഫോൺ മാത്രമെടുത്ത് ചെരിപ്പുപോലുമില്ലാതെ പുറത്തേക്കോടുമ്പോൾ ടോയ്‌ലറ്റിനടുത്തിരുന്നു കരയുന്ന ഒരു കുഞ്ഞിനെ കണ്ടു. അതിനെയുമെടുത്ത് ചാടിയിറങ്ങി, നിമിഷങ്ങൾക്കകം കോച്ച് പൂർണമായും കത്തി. ചുറ്റും കൃഷിപ്പാടം. അഗ്നിക്ഷാസേനയെത്താൻ ഒന്നര മണിക്കൂറെടുത്തു. കോട്ട സ്റ്റേഷനിലെത്തിയശേഷം ഏതോ രാഷ്ട്രീയ പാർട്ടിക്കാരെത്തി ഞങ്ങൾക്ക് ഓരോ ജോഡി ചെരിപ്പു വാങ്ങിത്തന്നു’ തിരുവനന്തപുരം-ഡൽഹി രാജധാനി എക്സ്പ്രസിലെ തീപിടുത്തത്തിൽ പഞ്ചാബിൽ സൈനിക ഉദ്യോഗസ്ഥനായ കൊല്ലം ചവറ സ്വദേശി എം അഭിലാഷ് തനിക്കുണ്ടായ അനുഭവം പങ്കുവെച്ചു.


ട്രെയിനിൽ ഉണർന്നിരുന്നവർ തീകണ്ടു ബഹളം വച്ചതോടെയാണ് എല്ലാവർക്കും രക്ഷപ്പെടാനായതെന്നു ബി–2 കോച്ചിലുണ്ടായിരുന്ന കൊല്ലം പുത്തൂർ പഴയചിറ സ്വദേശി ലിനു പാപ്പച്ചൻ തന്റെ അനുഭവം പങ്കിട്ടു. കരസേനയിൽ ഹവിൽദാറായ ലിനു അവധി കഴിഞ്ഞ് ജോലിസ്ഥലമായ പഞ്ചാബിലേക്കു പോകുകയായിരുന്നു ലിനു. കോച്ച് അറ്റൻഡർ പറഞ്ഞിട്ടാണ് യാത്രക്കാരെ ഉണർ‍ത്തിയതെന്നു ബി–4 കോച്ചിലുണ്ടായിരുന്ന കൊല്ലം നെടിയവിള സ്വദേശി ഹവിൽദാറായ സനു എൽ രാജും പറഞ്ഞു.


തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസിന് ഞായറാഴ്ച വെളുപ്പിനാണ് തീപിടിച്ചത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മലയാളികളും അവധി കഴിഞ്ഞു മടങ്ങുന്ന ഒട്ടേറെ സൈനികരും ട്രെയിനിലുണ്ടായിരുന്നു. അപകട വിവരമറിഞ്ഞയുടൻ ട്രെയിൻ നിർത്തിയിടുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തിൽ യാത്രക്കാരുടെ ല​ഗേജ് പൂർണമായും കത്തിനശിച്ചിരുന്നു.


മതിയായ നഷ്ടപരിഹാരത്തിന് നടപടിയെടുക്കാതെ 5000 രൂപ വീതം നൽകി പറഞ്ഞുവിട്ടെന്ന പരാതിയും ഉയരുന്നുണ്ട്. മലയാളികളായ എം അഭിലാഷ്, എ അഭിജിത്ത്, മേരി സീന എന്നിവരടക്കം 35 പേർ സമീപ സ്റ്റേഷനായ രാജസ്ഥാനിലെ കോട്ടയിൽ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും ആരും പരാതികൾ ചെവികൊണ്ടില്ലെന്നും പരാതികളും നാശനഷ്ടങ്ങളുടെ വിവരങ്ങളും റെയിൽവേയുടെ ഔദ്യോഗിക സൈറ്റിലൂടെ അറിയിക്കാനായിരുന്നു നിർദേശം നൽകിയതെന്നും ഇവർ ആരോപിച്ചു. രാജധാനി എക്സ്പ്രിസിൽ ബി 1 കോച്ചിലാണ് തീപിടുത്തമുണ്ടായത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home