print edition പ്രതിപക്ഷ ഐക്യത്തിന് കത്തിവച്ച് രാഹുലിന്റെ ‘അധിക പ്രസംഗം’: പിണറായിയുമായി രാഷ്‌ട്രീയ സംഘർഷം; കെട്ടിപ്പിടിക്കില്ല

പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അങ്ങോട്ടുചെന്ന് വാരിപ്പുണർന്ന രാഹുൽ (ഫയൽ ചിത്രം)

എം അഖിൽ
Published on Jun 13, 2026, 12:00 AM | 1 min read
ന്യൂഡൽഹി : ബിജെപിയെ പ്രതിരോധിക്കാൻ രൂപീകരിച്ച പ്രതിപക്ഷകൂട്ടായ്‌മയെ തകർക്കുന്ന വകതിരിവില്ലാത്ത നീക്കം ആവർത്തിച്ച് കോൺഗ്രസും രാഹുൽഗാന്ധിയും. ഇന്ത്യാ കൂട്ടായ്‌മ യോഗത്തിൽ രാഹുൽ ഗാന്ധി നടത്തിയ "അധിക പ്രസംഗം' കോൺഗ്രസ്‌തന്നെയാണ് പുറത്തുവിട്ടത്. ‘‘കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയെ ആശ്ലേഷിക്കാൻ പറഞ്ഞാൽ അത് ഞാൻ ചെയ്യില്ല; ചെയ്യാൻ കഴിയില്ല. കാരണം, ഞങ്ങൾ ഒരു രാഷ്‌ട്രീയ സംഘർഷത്തിലാണ്’’–രാഹുൽ പറഞ്ഞു.
പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അങ്ങോട്ടുചെന്ന് വാരിപ്പുണർന്ന രാഹുലാണ് ഇന്ത്യാ കൂട്ടായ്‌മയിലെ പ്രമുഖ നേതാവിനെപ്പറ്റി ഇത് പറയുന്നത്. 2018 ജൂലൈയിലാണ് രാഹുൽ ലോക്‌സഭയിലെ പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരിപ്പിടത്തിനടുത്തേക്ക് പോയി അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. പിന്നീടും പല വേദികളിലും നരേന്ദ്രമോദിയുമായി സൗഹൃദം പങ്കിട്ടു. കഴിഞ്ഞ ശൈത്യകാലസമ്മേളനത്തിൽ തൊഴിലുറപ്പ് നിയമം അട്ടിമറിച്ച ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിന് പിന്നാലെ സ്‌പീക്കർ ഓം ബിർല നടത്തിയ ചായസൽക്കാരത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുത്തത് വിവാദമായിരുന്നു.
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ ഒരടിസ്ഥാനവുമില്ലാത്ത ‘സിപിഐ എം–ബിജെപി’ ഡീൽ വിഷയം ഉന്നയിച്ച കോൺഗ്രസിന്റെ ദേശീയ നേതാക്കളെ ഇന്ത്യാകൂട്ടായ്‌മ യോഗത്തിൽ ഇടതുപക്ഷ പ്രതിനിധികൾ വിമർശിച്ചിരുന്നു. അഖിലേഷ് യാദവും തേജസ്വി യാദവും ഒമർ അബ്‌ദുള്ളയും ഉൾപ്പടെ പ്രതിപക്ഷനിരയിലെ പ്രമുഖ നേതാക്കളും ഇതിനെ പിന്തുണച്ചു. ഡിഎംകെയെയും എഎപിയെയും ഇന്ത്യാ കൂട്ടായ്‌മയിൽനിന്ന് അകറ്റിയത് കോൺഗ്രസും രാഹുലുമാണെന്നും നേതാക്കൾ തുറന്നടിച്ചു. ഇതോടെയാണ് സ്വയം ന്യായീകരിക്കാൻ രാഹുൽ ബാലിശ യുക്തികൾ നിരത്തിയത്.
കോൺഗ്രസിനെ ഇന്ത്യാ കൂട്ടായ്‌മയിലെ നേതാക്കൾ വിമർശിച്ചെന്ന വാർത്ത ദേശീയതലത്തിൽ ചർച്ചയായതിന്റെ ജാള്യം മറയ്‌ക്കാനാണ് കോൺഗ്രസ് രാഹുലിന്റെ പ്രസംഗം പുറത്തുവിട്ടത്.











0 comments