ആധാർ ആപ്പിലൂടെ ഇനി ഇമെയിൽ അപ്‌ഡേറ്റ് ചെയ്യാം; പുതിയ സേവനവുമായി യുഐഡിഎഐ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആധാർ കാർഡിലെ ഇമെയിൽ ഐഡി ഇനി മുതൽ ആധാർ ആപ്പിലൂടെ നേരിട്ട് അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഉപഭോക്താക്കൾ ഇനി ആധാർ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതില്ല. 2026 ജൂലൈ ഒന്ന് മുതൽ ആറ് മാസത്തേക്കാണ് ഈ സേവനം സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത്.
ആധാർ ആപ്പിലൂടെയുള്ള ഈ സൗജന്യ സേവനം വഴി താമസക്കാർക്ക് അവരുടെ വിവരങ്ങൾ എളുപ്പത്തിൽ പുതുക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ആപ്പ് പുറത്തിറക്കി രണ്ട് ദിവസത്തിനുള്ളിൽ തന്നെ രണ്ടര ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ ഇമെയിൽ വിലാസങ്ങൾ ഇതിലൂടെ പുതുക്കിക്കഴിഞ്ഞു. ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ പുതിയ ആധാർ ആപ്പ് ലഭ്യമാണ്.
ഇമെയിൽ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് വഴി, ആധാർ ഓതന്റിക്കേഷൻ നടക്കുമ്പോൾ തത്സമയം തന്നെ ഇമെയിൽ നോട്ടിഫിക്കേഷനുകൾ ലഭിക്കും. ഇത് സുരക്ഷ വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സഹായിക്കും.
ആധാർ ആപ്പ് വഴി മൊബൈൽ നമ്പർ മാറ്റാനും വിലാസം തിരുത്താനും സൗകര്യമുണ്ട്. ഇതുവരെ 40 ദശലക്ഷത്തിലധികം ആളുകൾ മൊബൈൽ നമ്പറും, ഏകദേശം പത്തു ലക്ഷത്തോളം പേർ വിലാസവും ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എല്ലാ താമസക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് യുഐഡിഎഐ നിർദ്ദേശിച്ചു.











0 comments