ad
Deshabhimani

രാജ്യത്ത് വരൾച്ചാ ഭീതി ശക്തമാകുന്നു; കഴിഞ്ഞ വർഷത്തേക്കാൾ ഗുരുതരമെന്ന് ഐഐടി ഗാന്ധിനഗർ റിപ്പോർട്ട്

Drought.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 03, 2026, 02:51 PM | 1 min read

ന്യൂഡൽഹി: കാലവർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വരൾച്ചാ ഭീതി ശക്തമാകുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂൺ മാസത്തിൽ രാജ്യത്തെ വരൾച്ചാ ബാധിത പ്രദേശങ്ങളുടെ വ്യാപ്തി വലിയ തോതിൽ വർദ്ധിച്ചതായാണ് റിപ്പോർട്ട്.


ഐഐടി ഗാന്ധിനഗറിലെ 'വാട്ടർ ആൻഡ് ക്ലൈമറ്റ് ലാബ്' പുറത്തുവിട്ട ഏറ്റവും പുതിയ വിവരങ്ങളിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. മൺസൂൺ സീസണിന്റെ തുടക്കത്തിൽ തന്നെ മണ്ണിലെ ഈർപ്പത്തിന്റെ അളവ് ഗണ്യമായി കുറയുന്നത് വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കിയേക്കും.


2025 ജൂണിലെയും 2026 ജൂണിലെയും അവസാന ആഴ്ചകളിലെ വിവരങ്ങൾ താരതമ്യം ചെയ്യുമ്പോൾ വരൾച്ചാ ബാധിത പ്രദേശങ്ങളിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


കഴിഞ്ഞ വർഷം ജൂൺ അവസാന വാരം ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, മറ്റ് ചില ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമായിരുന്നു വരൾച്ച പ്രകടമായിരുന്നതെങ്കിൽ, ഇത്തവണ സ്ഥിതി തികച്ചും വ്യത്യസ്തമാണ്.


മധ്യേന്ത്യ, കിഴക്കൻ ഇന്ത്യ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ മിതമായതും കഠിനവുമായ വരൾച്ച ഇതിനകം പടർന്നുപിടിച്ചിട്ടുണ്ട്. കൂടാതെ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലെ പുതിയ മേഖലകളിലും വരൾച്ചാ ലക്ഷണങ്ങൾ പ്രകടമായിക്കഴിഞ്ഞു.


ജൂൺ മാസത്തിലെ കടുത്ത മഴക്കുറവാണ് സ്ഥിതി ഇത്രയും വഷളാകാൻ കാരണം. ജൂൺ അവസാന വാരത്തിലെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വലിയൊരു ഭാഗത്തും സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമാണ് ലഭിച്ചത്.


അതേസമയം, വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ദക്ഷിണേന്ത്യയിലെ ചില ഭാഗങ്ങളിലും സാധാരണയിൽ കൂടുതൽ മഴ ലഭിച്ചത് ഈ മേഖലകളിൽ വരൾച്ച നിയന്ത്രണവിധേയമാക്കാൻ സഹായിച്ചു. ജൂൺ മാസത്തിലെ ആഴ്ച തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ വരൾച്ചയുടെ ദ്രുതഗതിയിലുള്ള വ്യാപനം വ്യക്തമാകും.


ജൂൺ ആദ്യവാരത്തിൽ സാധാരണ നിലയിലായിരുന്ന പല പ്രദേശങ്ങളും മാസാവസാനത്തോടെ കടുത്ത വരൾച്ചയുടെ പിടിയിലാവുകയായിരുന്നു. ഇത് കർഷകരെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home