രാഘവ് ചദ്ദയുടെ രാഷ്ട്രീയ കൂറുമാറ്റം; അൺഫോളോ ക്യാമ്പയിനുമായി ജെൻ-സി

ന്യൂഡൽഹി : ഇന്നലെ ഉച്ചയോടെയാണ് ആംആദ്മി പാർടിയുടെ രാജ്യസഭ എംപി രാഘവ് ചദ്ദ പാർടി വിട്ട് നാടകീയമായി ബിജെപിയിലേക്ക് ചേക്കേറിയത്. ഛദ്ദയുടെ ഈ നീക്കം രാഷ്ട്രീയമായി പല ചർച്ചകളിലേക്കും തിരിഞ്ഞെങ്കിലും പുതുതലമുറയുടെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണമല്ല ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിലും മറ്റും ഈ രാഷ്ട്രീയ മാറ്റത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് പുതുതലമുറ. ഈ പ്രഖ്യാപനത്തോടെ ഒരു ദിവസം കൊണ്ട് 10 ലക്ഷം ഫോളോവേഴ്സിനെയാണ് ചദ്ദക്ക് നഷ്ടമായത്.
ഡിജിറ്റൽ യുഗത്തിൽ സോഷ്യൽ മീഡിയയിലെ ഫോളോവേഴ്‌സിന്റെ എണ്ണം ഒരാളുടെ ജനപ്രീതി അളക്കുന്നതിനുള്ള മാനദണ്ഡമായാണ് പലപ്പോഴും വിലയിരുത്തുന്നത്. ബിജെപിയിലേക്കുള്ള അപ്രതീക്ഷിത കൂറുമാറ്റത്തിന് ശേഷം 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റാഗ്രാമിൽ മാത്രം ഏകദേശം പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സിനെ രാഘവ് ഛദ്ദക്ക് നഷ്ടപ്പെട്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച 14.6 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ടായിരുന്നത് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയായപ്പോഴേക്കും അത് 13.5 ദശലക്ഷമായി കുറഞ്ഞു.
ജെൻ-സി എന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതുതലമുറക്ക് രാഷ്ട്രീയമില്ലെന്നാണ് പൊതുബോധം. എന്നാൽ രാഷ്ട്രീയത്തെ വെറും അധികാര സ്വാതന്ത്ര്യമായി കാണാതെ വ്യക്തികളെ വിലയിരുത്തി സത്യസന്ധതക്കും ആദർശങ്ങൾക്കും വലിയ വില നൽകുന്നവരാണ് പുതുതലമുറ വീണ്ടും തെളിയിക്കുകയാണ്.
"unfollowRaghavChadha" എന്ന ഹാഷ്‌ടാഗ് ഇതിനോടകം തന്നെ ട്രെൻഡായി കഴിഞ്ഞു. ജെൻ-സി തുടങ്ങിവെച്ച ഈ അൺഫോളോ ക്യാമ്പയിൻ സോഷ്യൽ മീഡിയ ഏറ്റെടുക്കാനും സാധ്യതയുണ്ട്.
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന രാഷ്ട്രീയ ചർച്ചകളിൽ പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വിഷയങ്ങൾ നിരന്തരം ഉന്നയിച്ചാണ് രാഘവ് ഛദ്ദ യുവാക്കൾക്കിടയിൽ തന്റേതായ ഒരിടം കണ്ടെത്തിയത്.
രാജ്യസഭയിലും പുതുതലമുറയെ ബാധിക്കുന്ന വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ജനപ്രീതിക്ക് കാരണമായി. മറ്റു രാഷ്ട്രീയക്കാരിൽ നിന്നും വ്യത്യസ്തമായ ഒരു ശൈലിയുള്ള നേതാവായാണ് ഛദ്ദയെ എല്ലാവരും വിലയിരുത്തിയത്. എന്നാൽ ഈ ധാരണകളെയാകെ തിരുത്തിയാണ് ചദ്ദ ബിജെപിയിൽ ചേർന്നത്.










0 comments